കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പൊലീസ് അന്വേഷണം നിഷ്‌പക്ഷമാണെന്ന് കരുതുന്നില്ലെന്നും ചില കണ്ണികൾ വിട്ടുപോയിട്ടുണ്ടെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. ഒന്നാം പ്രതി എസ്.ഐ കെ.എ. സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സിംഗിൾബെഞ്ചിന്റേതാണ് വിമർശനം. രാജ്കുമാറിനെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയപ്പോൾ പൊലീസ് ഉപദ്രവിച്ചോയെന്ന് ചോദിച്ചോ, ഇതിനു എന്തു മറുപടിയാണ് ലഭിച്ചത് എന്നീ വിവരങ്ങൾ ഉൾപ്പെടുന്ന മജിസ്ട്രേട്ട് കോടതിയുടെ നടപടി രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച ഹൈക്കോടതി ഹർജി ഇന്നു പരിഗണിക്കാൻ മാറ്റി.
ഇന്നലെ ഹർജി പരിഗണിക്കുമ്പോൾ നിലവിലെ കേസന്വേഷണത്തെ സംരക്ഷിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നും രാജ്കുമാറിനെ പരിശോധിച്ച ഡോക്ടർ, ജയിൽ സൂപ്രണ്ട് എന്നിവരടക്കമുള്ളവരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സംശയിക്കുന്നതായും ഹൈക്കോടതി പറഞ്ഞു. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചോയെന്ന ചോദ്യത്തിന് അകത്തെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ ദൃശ്യമല്ലെന്നാണ് പൊലീസ് മറുപടി നൽകിയത്. ഇത് സംശയത്തിനിട നൽകുന്നെന്ന് സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. സാബു 35 ദിവസമായി കസ്റ്റഡിയിലാണ്. ഇയാളെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ട കാര്യമെന്താണെന്നും ഹൈക്കോടതി ചോദിച്ചു. പ്രതികളായ പൊലീസുകാർ അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |