
തിരുവനന്തപുരം: കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും ഉടനടി അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്തുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തിന് ആദ്യം നറുക്കുവീഴുന്നത്. 12 സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകളാണ് ഈവർഷം പുറത്തിറങ്ങുന്നത്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പുനടക്കുന്ന മറ്റുസംസ്ഥാനങ്ങൾക്കും ട്രെയിനുകൾ കിട്ടിയേക്കും. ഈ സംസ്ഥാനങ്ങൾക്ക് നൽകിയശേഷമേ മറ്റ് സംസ്ഥാനങ്ങളുടെ കാര്യം പരിഗണിക്കൂ എന്നാണ് റിപ്പോർട്ട്. എറണാകുളത്തുനിന്ന് ബീഹാറിലെ ജോഗ്ബനിയിലേക്കാണ് അമൃത് ഭാരത് ട്രെയിൻ പരിഗണിക്കുന്നത്. നിലവിൽ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിൽ സൂപ്പർഹിറ്റുകളാണ്.
വന്ദേഭാരത് സ്ലീപ്പറിന്റെ റൂട്ട് ഇതാണ്
ആകെ 16 കോച്ചാണ് ഇതിലുള്ളത്. 11 തേഡ് എസി, നാല് സെക്കൻഡ് എസി, ഒരു ഫസ്റ്റ് എസി കോച്ചുകളിലായി 823 ബെർത്തുകളാണ് ഉള്ളത്. തിരുവനന്തപുരം ചെന്നൈ, തിരുവനന്തപുരം ബംഗളൂരു റൂട്ടിൽ വൈകിട്ട് പുറപ്പെട്ട് പിറ്റേദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ റൂട്ടുകളിലെ ഏറ്റവും വേഗം കൂടിയ സർവീസാകും ഇതെന്നും റിപ്പോർട്ടുണ്ട്.
അമൃത് ഭാരതിൽ സ്ലീപ്പർ ക്ളാസും ജനറൽ സെക്കൻഡ് ക്ളാസ് കോച്ചും മാത്രമാണ് ഉണ്ടാവുക. രണ്ടുവശത്തും എൻജിൻ ഉള്ളതിനാൽ വളരെപ്പെട്ടന്നുതന്നെ വേഗം കൈവരിക്കാനാവും. അതിഥിതൊഴിലാളികളെ ലക്ഷ്യംവച്ചുള്ളതാണ് ഈ ട്രെയിൻ. ഏറണാകുളത്തുനിന്ന് എപ്പോഴാണ് സർവീസ് തുടങ്ങുകയെന്ന് വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |