SignIn
Kerala Kaumudi Online
Saturday, 21 December 2024 10.16 PM IST

രാഷ്ട്ര ഋഷിയും രാജ ഋഷിയും

Increase Font Size Decrease Font Size Print Page
modi

മഹാത്മാഗാന്ധിയുടെ പുത്രൻ രാംദാസ് ഗാന്ധിയുടെ മകൾ സുമിത്രാ ഗാന്ധി കുൽക്കർണി എഴുതുന്നു

............................

ഞാൻ ബാപ്പുജി എന്നു വിളിക്കുന്ന മഹാത്മാ ഗാന്ധി എന്റെ മുത്തച്ഛനാണ്. പത്തൊമ്പതാം വയസു വരെ ഞാൻ അദ്ദേഹത്തോടൊപ്പമാണ് ജീവിച്ചത്. എനിക്ക് തൊണ്ണൂറ്റിയഞ്ചു വയസ് തികയുന്ന ഈ വർഷം പ്രധാനമന്ത്രി മോദിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്യേണ്ടതും എന്റെ ചിന്തകൾ കുറിക്കേണ്ടതും അനിവാര്യമാണെന്ന് എനിക്കു തോന്നുന്നു. പക്വതയാർജിച്ച വ്യക്തിയെന്ന നിലയിൽ ഈ രണ്ടു മനുഷ്യരെയും അടുത്തറിയാൻ ഭാഗ്യം ലഭിച്ച ഗാന്ധിജിയുടെ കുടുംബാംഗത്തിന്റെ കാഴ്ചപ്പാടുകൾ അറിയാൻ വരുംതലമുറകൾ ആഗ്രഹിച്ചേക്കാം.

എന്റെ ദീർഘമായ ജീവിതകാലയളവിൽ നിരവധി നേതാക്കളെ എനിക്ക് അടുത്തറിയാം. എന്നിരുന്നാലും നരേന്ദ്ര ഭായിയുമായുള്ള എന്റെ ബന്ധം സവിശേഷമാണ്. 1975-ലെ അടിയന്തരാവസ്ഥയുടെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലാണ് അതു തുടങ്ങിയത്. കൃത്യമായ സമയം ഓർക്കുന്നില്ലെങ്കിലും നരേന്ദ്ര ഭായി അന്ന് ആർ.എസ്.എസിന്റെ ഊർജസ്വലനായ യുവപ്രചാരകനായിരുന്നു. 1970- കളിൽ വിഭാഗീയത ദേശീയ ഘടനയെ കാർന്നുതിന്നുകയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമെന്ന നിലയിൽ, പാകിസ്ഥാനിൽ നിന്നുള്ള കനത്ത നുഴഞ്ഞുകയറ്റത്താൽ അതിർത്തി ജില്ലകളിൽ സംഭവിക്കുന്ന ജനസംഖ്യാപരമായ മാറ്റത്തെക്കുറിച്ച് എനിക്ക് വളരെ ആശങ്കയുണ്ടായിരുന്നു.

അസമിലേക്കുള്ള കടന്നുകയറ്റം ഇതിലും വലുതായിരുന്നു. എന്റെ പാർട്ടിയിയായ കോൺഗ്രസിലെ ആരും ഈ വിഷയം ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ ചെറുപ്പകാലത്തുപോലും നരേന്ദ്ര ഭായി ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയിരുന്നുവെന്നത് ഞാൻ ഓർക്കുന്നു. ദേശീയ വിഷയങ്ങളിൽ അദ്ദേഹത്തിന് സമഗ്രമായ അവബോധമുണ്ടായിരുന്നു. അക്കാലത്തെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചില്ല. ഗ്രാമീണ ഇന്ത്യയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളായ വ്യക്തിശുചിത്വം, ശുദ്ധമായ കുടിവെള്ളം, പ്രാഥമിക ആരോഗ്യ പരിരക്ഷ മുതലായവ അദ്ദേഹം അക്കാലത്തു തന്നെ പൂർണമായി ഉൾക്കൊണ്ടിരുന്നു.

ശുചിത്വവും രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ അന്തസും സുരക്ഷയും മെച്ചപ്പെടുത്തുന്ന ശുചിത്വ ഭാരത യജ്ഞത്തിന് അദ്ദേഹം തുടക്കം കുറിച്ചു. സുസ്ഥിരമായ സാമൂഹ്യമാറ്റത്തിന്റെ അടിസ്ഥാനമായി, ജനകീയ പ്രസ്ഥാനമായ 'ജൻ ആന്ദോളനിൽ"എന്റെ മുത്തച്ഛൻ വിശ്വസിച്ചിരുന്നു. 'സബ് കാ സാഥ്, സബ് കാ വികാസ്, സബ് കാ വിശ്വാസ്, വികസിത് ഭാരത് (ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, വികസിത ഭാരതം) എന്നിവയിലെന്നപോലെ 'സബ് കാ" എന്ന വാക്കിലും നരേന്ദ്ര ഭായിയുടെ അചഞ്ചലമായ ശ്രദ്ധ സമാനമാണ്.

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കേവലം പറച്ചിൽ മാത്രമല്ല ഇത്. അവയാണ് അദ്ദേഹത്തെ മുന്നോട്ടുനയിക്കുന്നത്. കൊവിഡ് മഹാമാരിക്കാലത്ത് അദ്ദേഹത്തിന്റെ 'മാനവികത ആദ്യം" എന്ന സമീപനത്തോടെയുള്ള നേതൃത്വം നമ്മുടെ അതിർത്തിയിൽ അവസാനിച്ചില്ല; മറിച്ച്, ലോകത്തെയാകെ ആശ്ലേഷിച്ചു. അനുച്ഛേദം 370-ന്റെ കൊളുത്തിപ്പിടിത്തത്തിൽനിന്ന് നമ്മെ മോചിപ്പിക്കാൻ അദ്ദേഹം വീണ്ടും ഒഴുക്കിനെതിരെ നീന്തി. സ്വാതന്ത്ര്യം നേടിയ ശേഷം പൂർത്തിയാക്കേണ്ട കാര്യപരിപാടികൾ അദ്ദേഹം ആസൂത്രിതമായി പൂർത്തിയാക്കുകയാണ്. സി.എ.എ ഒരു ഉദാഹരണമാണ്. സനാതനധർമത്തിന്റെ മഹത്തായ ഈ ഭൂമിയിൽ, ഷിർദിയിലെ സായിനാഥ്, ശ്രീ രമണ മഹർഷി തുടങ്ങിയ അനേകം ഗുരുക്കന്മാരുടെ ആത്മീയ ശക്തിയിലൂടെ രാഷ്ട്രീയ സ്വാതന്ത്ര്യം നേടി. ഗാന്ധിജി ഇതിനു നേതൃത്വം നൽകാനുള്ള സങ്കേതമായി. പതിറ്റാണ്ടുകൾക്കു ശേഷം, അധിനിവേശ മാനസികാവസ്ഥയിൽ നിന്ന് നമ്മെ മോചിപ്പിക്കാനുള്ള സങ്കേതമായി നരേന്ദ്ര ഭായി മാറിയത് യാദൃച്ഛികമല്ല. അതൊരു രണ്ടാം സ്വാതന്ത്ര്യ സമരംതന്നെയാണ്.

'ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റമായി മാറൂ" എന്ന് എന്റെ മുത്തച്ഛൻ എപ്പോഴും പറയുമായിരുന്നു. ആർ.എസ്.എസ് പ്രവർത്തകനിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്കുള്ള നരേന്ദ്ര ഭായിയുടെ യാത്ര അടുത്തുനിന്നു കണ്ട എനിക്ക്, നമ്മുടെ പ്രിയപ്പെട്ട ഭാരതത്തിൽ നാമെല്ലാവരും ആഗ്രഹിച്ച മാറ്റത്തിന്റെ പ്രതീകമാണ് നരേന്ദ്ര മോദിയെന്ന് നിസംശയം പറയാം. പുണ്യാത്മാക്കളുടെ ചരിത്രം കുറിക്കുന്നില്ലെങ്കിലും ഞാൻ നിഷ്പക്ഷത പുലർത്തേണ്ടതുണ്ട്. ബാപ്പുജിയും നരേന്ദ്ര ഭായിയും തമ്മിലുള്ള ഏറ്റവും ശ്രദ്ധേയമായ സാമ്യം, അവരുടെ പൊതുജീവിതം സനാതന ധർമത്തിന്റെ ആത്മീയ ഉൾക്കരുത്തിൽ വേരൂന്നിയതാണ് എന്നതാണ്. അത്തരമൊരാൾക്ക് സത്യം ജയിക്കുമെന്ന് അറിയാം. രാഷ്ട്രീയ എതിരാളികളുടെ നിരന്തരമായ ആക്രമണങ്ങൾക്കെതിരെ നരേന്ദ്ര ഭായിയുടെ സവിശേഷമായ മൗനം ഇത് വിശദീകരിക്കുന്നുണ്ട്. ഇത് രാജഋഷിയുടെ ലക്ഷണമാണ്.

നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങൾ പറയുന്നത്, ധർമം പുനഃസ്ഥാപിക്കുന്നതിനു മുമ്പ് എപ്പോഴും മഥനം ഉണ്ടാകാറുണ്ട് എന്നാണ്. നിഷേധാത്മകതയാണ് മഥനത്തിന്റെ ആദ്യ ഫലം. ഈ നിഷേധാത്മക ശക്തികൾ സത്യത്തെ എതിർക്കുന്നു. ഈ നിഷേധാത്മകതയുടെ വ്യാപ്തിക്ക് നമ്മൾ ദിവസവും സാക്ഷ്യം വഹിക്കുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായി ദേശീയ താത്പര്യങ്ങൾ പോലും വിട്ടുവീഴ്ച ചെയ്യപ്പെടുന്നു. അത്തരം സാഹചര്യങ്ങളിൽ അധികാരത്തിൽ തീരെ താത്പര്യമില്ലാത്ത, അഴിമതിയില്ലാത്ത വ്യക്തിയെയാണ് ആവശ്യം- ദരിദ്രരുടെയും രാജ്യത്തിന്റെയും താത്പര്യങ്ങൾ മറ്റെല്ലാറ്റിനുമുപരിയായി കാണുന്ന ഒരാളെ. അതിനാൽ, നരേന്ദ്ര ഭായിയുടെ പ്രയത്നത്തിന്റെ ഫലം നാം ആസ്വദിക്കുമ്പോഴും, അദ്ദേഹത്തിന് ആനുപാതികമായ തിരഞ്ഞെടുപ്പു ജനവിധി നൽകാതിരുന്നിട്ടും, അതൊന്നും ബാധിക്കാത്തവിധം അദ്ദേഹം നിശബ്ദമായി കടമയിൽ തുടരുന്നു എന്ന് അംഗീകരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

ബാപ്പുജി ഇന്ന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം നരേന്ദ്ര ഭായിയെ മികച്ച രീതിയിൽ പിന്തുണയ്ക്കുമായിരുന്നുവെന്ന്,​ ഗാന്ധിജിയുടെ കൊച്ചുകളായ എനിക്ക് മടിയേതുമില്ലാതെ പറയാനാകും. തന്റെ പേര് തട്ടിയെടുത്തവരെയും രാഷ്ട്രീയ നേട്ടങ്ങൾക്കായി നമ്മെ ഭിന്നിപ്പിക്കാൻ അത് ദുരുപയോഗം ചെയ്യുന്നത് ജീവിത ദൗത്യമാക്കിയവരെയും കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നൽകുന്നതും ബാപ്പുജി ആയിരിക്കും. ആധുനിക ഭാരതത്തിന്റെ വികസന കാര്യപരിപാടിയുമായി സമന്വയിപ്പിച്ച്, ഗാന്ധിജിയുടെ ആദർശങ്ങളെ നരേന്ദ്ര ഭായി പുനരുജ്ജീവിപ്പിച്ചുവെന്നത് എന്റെ മുത്തച്ഛന്റെയും നരേന്ദ്ര ഭായിയുടെയും വിമർശകരെ ആശ്ചര്യപ്പെടുത്തും. എന്റെ മുത്തച്ഛനെപ്പോലെ നരേന്ദ്രഭായിക്കും പൊതുപരിശോധനയുടെ പരീക്ഷണം നേരിടേണ്ടിവരും. പക്ഷേ, ശ്രീകൃഷ്ണൻ അർജുനനോട് പറഞ്ഞതുപോലെ, 'നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുകയും ഫലം സത്യത്തിനു വിടുകയും ചെയ്യുക" എന്നതാണ് പ്രധാനം. അത് ഒടുവിൽ വിജയിക്കും. ചരിത്രം അവസാനം ബാപ്പുജിയെയും നരേന്ദ്ര ഭായിയെയും അനുകമ്പയോടെ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്.

TAGS: GANDI, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.