കാസർകോട്: തായ്ലന്റിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നുകോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി കാസർകോട് സ്വദേശികളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കാസർകോട് സ്വദേശികളായ മെഹറൂഫ്(37), റൗഫ്(28), കണ്ണൂരിലെ റിയാസ്(44), കോഴിക്കോട് എടപ്പാളിലെ സി.എച്ച് യഹ്യ(28), കുടകിലെ എം.യു നസറുദ്ദീൻ (26), കുഞ്ചില അഹ്നാസ്(26), ബെട്ടോളി വാജിദ്(26) എന്നിവരെയാണ് കുടക് എസ്.പി രാമരാജയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗോണിക്കുപ്പയിലെ ഒരു കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നുകോടി രൂപ വിലമതിക്കുന്ന 3.31 കിലോ കഞ്ചാവ് കണ്ടെടുത്തത്. ബാങ്കോക്കിൽ നിന്ന് വിമാനമാർഗ്ഗമാണ് കഞ്ചാവ് ബംഗളൂരുവിലെത്തിച്ചതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ബംഗളൂരുവിൽ നിന്ന് കാറിൽ ഗോണിക്കുപ്പയിലേക്ക് കടത്തിക്കൊണ്ടു വന്ന് കെട്ടിടത്തിനകത്ത് സൂക്ഷിക്കുകയായിരുന്നു. കർണ്ണാടകയിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളിലേക്ക് വിൽപ്പനക്ക് കൊണ്ടു പോകാനാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് പ്രതികൾ പറഞ്ഞു. അന്താരാഷ്ട്ര ലഹരി മാഫിയയിലെ കണ്ണികളാണ് പ്രതികളെന്നും ഇവരുമായി ബന്ധമുള്ളവരെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |