കൊച്ചി: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷിബിൻ വധക്കേസിൽ വിചാരണക്കോടതി വെറുതെവിട്ട മുസ്ലിംലീഗ് പ്രവർത്തകരിൽ ഏഴുപേർ കുറ്റക്കാരെന്ന് ഹൈക്കോടതി. ഇവരുടെ ശിക്ഷാവിധിയിൽ 15ന് വാദം കേൾക്കും. കേസിലെ 17 പ്രതികളെയും വെറുതെവിട്ട എരഞ്ഞിപ്പാലത്തെ സ്‌പെഷ്യൽ അഡി. സെഷൻസ് കോടതിവിധി ചോദ്യംചെയ്യുന്ന അപ്പീലുകളിലാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ,ജസ്റ്റിസ് സി. പ്രതീപ്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. പ്രതികളെ അറസ്റ്റുചെയ്ത് സെഷൻസ് കോടതിയിൽ ഹാജരാക്കാൻ ജാമ്യമില്ലാ വാറണ്ടും കോടതി പുറപ്പെടുവിച്ചു. ഇവരെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണം.
ഒന്ന്,രണ്ട് പ്രതികളായ തെയ്യമ്പാടി മീത്തലെപുനച്ചിക്കണ്ടി ഇസ്മായിൽ,സഹോദരൻ മുനീർ,നാലുമുതൽ ആറുവരെ പ്രതികളായ വാരാങ്കി താഴേക്കുനി സിദ്ദിഖ്,മണിയന്റവിട മുഹമ്മദ് അനീസ്,കാളമൂലത്തിൽ ഷുഹൈബ്,15-ാം പ്രതി കൊച്ചന്റവിട ജാസിം,16-ാം പ്രതി കടയംകോട്ടുമ്മൽ അബ്ദുസമദ് എന്നിവരാണ് ശിക്ഷിക്കപ്പെടുക. മൂന്നാംപ്രതി അസ്‌ലമും കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും 2016ൽ മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ടതിനാൽ ഒഴിവാക്കി.
2015 ജനുവരി 22ന് നാദാപുരം വെള്ളൂരിൽവച്ചാണ് ഷിബിൻ കൊല്ലപ്പെട്ടത്. രാഷ്ട്രീയ,വർഗീയ കാരണങ്ങളാൽ ലീഗ് പ്രവർത്തകർ ഷിബിൻ ഉൾപ്പെടെയുള്ള സി.പി.എം പ്രവർത്തകരെ ആക്രമിച്ചെന്നാണ് കേസ്. ആറുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി പ്രതികളെ വെറുതെവിട്ടത്. ഇതിനെതിരെ ഷിബിന്റെ പിതാവും സർക്കാരും സംഭവത്തിൽ പരിക്കേറ്റവരുമാണ് അപ്പീൽനൽകിയത്.
തെളിഞ്ഞ
കുറ്റങ്ങൾ
ശിക്ഷിക്കപ്പെടുന്നവരെല്ലാം കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവർ. കൊലപാതകം,വധശ്രമം,മാരകായുധങ്ങൾകൊണ്ട് ബോധപൂർവം പരിക്കേൽപിക്കൽ,കലാപമുണ്ടാക്കൽ,തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
എട്ട് പ്രതികളുടെ കാര്യത്തിൽ മതിയായ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്നും വിചാരണക്കോടതി ഇത് ശരിയായ രീതിയിൽ പരിഗണിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |