കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിൽ നിന്ന് 26 പവൻ മോഷ്ടാക്കൾ കവർന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന15ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. എം.ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് മാല, ഒരു വള, രണ്ട് ജോഡി കമ്മൽ, ഡയമണ്ടിന്റെ ഒരു ജോഡി കമ്മൽ, മരതകം പതിച്ച ലോക്കറ്റ്, മറ്റൊരു ലോക്കറ്റ് എന്നിവയാണ് മോഷണം പോയത്.
സെപ്തംബർ 29, 30 ദിവസങ്ങളിൽ എം.ടിയും ഭാര്യ സരസ്വതിയും വീട്ടിലില്ലാത്ത സമയത്താണ് മോഷണമെന്ന് പരാതിയിൽ പറയുന്നു. അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിയുന്നത്. സ്ഥലം മാറി വച്ചതാവാമെന്ന് കരുതിയാണ് പരാതി നൽകാൻ വൈകിയത്. അലമാര കുത്തിപ്പൊളിച്ച ലക്ഷണമില്ല. അലമാരയ്ക്ക് സമീപം സൂക്ഷിച്ച താക്കോലെടുത്ത് തുറന്നായിരിക്കാം മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.
ടൗൺ എ.സി.പി അഷറഫ് തെങ്ങിലക്കണ്ടിയിലിന്റെ മേൽനോട്ടത്തിൽ നടക്കാവ് സി.ഐ പ്രജീഷ് എന്നിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം ഊർജ്ജിതമാക്കിയതായും പ്രതികളെ ഉടൻ പിടികൂടുമെന്നും എ.സി.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |