തിരുവനന്തപുരം: കാഴ്ചപരിമിതർക്ക് വിദ്യാഭ്യാസ പിന്തുണ നൽകാൻ ദീപ്തി ബ്രെയിലി പദ്ധതിക്ക് തുടക്കമിട്ട് സാക്ഷരതാ മിഷൻ. കേരള ഫെഡറേഷൻ ഒഫ് ബ്ലൈൻഡിന്റെ സഹകരണത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. 1330 പേരാണ് സാക്ഷരതാപഠനത്തിൽ പങ്കെടുക്കുന്നത്.
തുടർപഠനത്തിനുള്ള പുസ്തകങ്ങൾ,വർക്ക്ഷീറ്റ് എന്നിവ ബ്രെയിലിയിൽ വായിച്ചറിയാം. 71 ഇൻസ്ട്രക്ടർമാർക്ക് മേഖലാതല പരിശീലനം നൽകിയിട്ടുണ്ട്. 160 ദിവസത്തെ ക്ലാസിനുശേഷം പരീക്ഷ നടത്തും. സർക്കാരിന്റെ നാലാംനൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ആവിഷ്കരിച്ച പദ്ധതിയുടെ ഉദ്ഘാടനം പേട്ട സാക്ഷരതാമിഷൻ ഹാളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ചങ്ങാതിയുടെ ഫലപ്രഖ്യാപനം
അന്യസംസ്ഥാന തൊഴിലാളികൾക്കായി നടപ്പാക്കുന്ന സാക്ഷരതാപദ്ധതിയായ ചങ്ങാതിയുടെ നാലാംഘട്ട സാക്ഷരതാപരീക്ഷാ ഫലവും പട്ടികജാതിവിഭാഗക്കാർക്കായി നടത്തുന്ന നവചേതനാപദ്ധതിയുടെ നാലാംതരം പരീക്ഷാഫലവും മന്ത്രി പ്രഖ്യാപിച്ചു. ചങ്ങാതി പദ്ധതിയിൽ 2503 പേർ പരീക്ഷയെഴുതിയതിൽ 2477 പേർ വിജയിച്ചു. നവചേതന നാലാംതരം പദ്ധതിയിൽ 3674പേർ പരീക്ഷയെഴുതിയതിൽ 3606 പേർ വിജയിച്ചു.
കുട്ടികൾക്ക്
സഹായം പരസ്യം
ചെയ്തു വേണ്ട
തിരുവനന്തപുരം: സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സഹായം നൽകുന്നത് പരസ്യം ചെയ്യേണ്ടെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ സ്റ്റേജിൽ വിളിച്ചുവരുത്തി സഹായം നൽകരുതെന്നും സഹായം വാങ്ങുന്ന കുട്ടികളുടെ പേര് പറയരുതെന്നും നിർദേശം നൽകി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. സഹായം വാങ്ങുന്ന കുട്ടികളുടെ ഫോട്ടോയോ പേരോ വച്ച് പരസ്യം കൊടുക്കരുത്. കുട്ടികളുടെ ആത്മാഭിമാനം തകർക്കരുത്. സ്വകാര്യതയ്ക്ക് ഭംഗം വരാത്ത രീതിയിൽ വേണം സഹായിക്കാനെന്നും ബാലാവകാശ കമ്മിഷൻ ഉത്തരവ് അനുസരിച്ചുള്ള സർക്കുലറിൽ വ്യക്തമാക്കുന്നു
സഹോദരനും മെഡി. കോളേജ്
പ്രിൻസിപ്പലിനുമെതിരെ
ആശയുടെ പരാതി
കൊച്ചി: എം.എം ലോറൻസിന്റെ മൃതശരീരം വ്യാജപ്രസ്താവനകളും കളവും പറഞ്ഞ് അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി പഠനാവശ്യത്തിന് നൽകാൻ ശ്രമിച്ചതിന് മൂത്തമകൻ അഡ്വ. എം.എൽ. സജീവനും എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇളയ മകൾ ആശ ലോറൻസ് കളമശേരി പൊലീസിൽ പരാതി നൽകി. മൂന്നു മക്കളെയും കേട്ട് തീരുമാനമെടുക്കാനുള്ള ഹൈക്കോടതി നിർദ്ദേശത്തിൽ പ്രിൻസിപ്പൽ കൃത്രിമം കാണിച്ചതായും പരാതിയിൽ പറയുന്നു. മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു ലോറൻസിന്റെ ആഗ്രഹം. പിതാവിന്റെ വ്യാജസമ്മതമാണ് സജീവൻ അവതരിപ്പിച്ചത്. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ആശ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |