മലപ്പുറം: സി.പി.എം ബന്ധം അവസാനിപ്പിച്ച പി.വി. അൻവർ എം.എൽ.എ രൂപീകരിക്കുന്ന പാർട്ടിയെ തമിഴ്‌നാട്ടിലെ ഡി.എം.കെ മുന്നണിയുടെ ഭാഗമാക്കാൻ നീക്കം. ഇന്ത്യ മുന്നണി പ്രവേശനമാണ് ലക്ഷ്യം. ഇന്നലെ ചെന്നൈയിൽ എത്തിയ അൻവർ ഡി.എം.കെയുടെ ചില നേതാക്കളുമായി ചർച്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നു വൈകിട്ട് അഞ്ചിന് മഞ്ചേരിയിൽ അൻവർ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം. പാർട്ടി പ്രഖ്യാപനചടങ്ങിൽ ഡി.എം.കെയുടെ പ്രമുഖ നേതാവ് പങ്കെടുത്തേക്കുമെന്നും പറയപ്പെടുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അടുപ്പക്കാരനും മന്ത്രിയുമായ സെന്തിൽ ബാലാജിയുമായി അൻവറിന്റെ മകൻ റിസ്‌വാൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡി.എം.കെ കേരള സംസ്ഥാന ജനറൽ സെക്രട്ടറി മുരുകേശനുമായി അൻവറും കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
സംഘപരിവാറിനെ ശക്തമായി പ്രതിരോധിക്കുന്ന സ്റ്റാലിന്റെ വ്യക്തിപ്രഭാവം തനിക്ക് ഗുണമാവുമെന്ന് അൻവർ കണക്കുകൂട്ടുന്നു.
സി.പി.എമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും അടുത്ത ബന്ധം പുലർത്തുന്ന സ്റ്റാലിനെ ഗോഡ്‌ഫാദറാക്കിയുള്ള അൻവറിന്റെ കരുനീക്കം സി.പി.എമ്മിലും ചർച്ചയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |