
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാസർകോട്, മംഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനുവിൽ കാതലായ മാറ്റങ്ങൾ വരുത്താൻ പദ്ധതി. യാത്രക്കാർക്ക് മികച്ച ഭക്ഷണ അനുഭവം നൽകുന്നതിനായി കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്താനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചത്. ഭക്ഷണം വിതരണം ചെയ്യുന്ന പ്രമുഖ കമ്പനിയായ കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്‌ളൈറ്റ് സർവീസസ് ആണ് ഈ ട്രെയിനുകളിലെ കാറ്ററിംഗ് നിർവഹിക്കുന്നത്.
മലയാളികളുടെ തനത് രുചികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ മെനു തയ്യാറാക്കുന്നത്. ഇതിനായി ഐ.ആർ.സി.ടി.സിയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സി.എ.എഫ്.എസ് സി.ഇ.ഒ വി.ബി. രാജൻ അറിയിച്ചു. ഉച്ചഭക്ഷണ മെനുവിൽ മലബാർ ദം ബിരിയാണി, തലശ്ശേരി ബിരിയാണി എന്നിവ ഉൾപ്പെടുത്തും. പ്രഭാതഭക്ഷണ മെനുവിൽ പാലപ്പംവെജ് കുറുമ, ഇടിയപ്പം മുട്ടക്കറി എന്നിവയും ലഘുഭക്ഷണങ്ങളായി പഴംപൊരി, പരിപ്പുവട, ഉണ്ണിയപ്പം, നെയ്യപ്പം എന്നിവയും ഉൾപ്പെടുത്തും. മധുരപലഹാരങ്ങളിൽ നിലവിലെ കേസരിക്ക് പുറമെ ഗുലാബ് ജാമുൻ, മഫിൻ, ബനാന കസ്റ്റാഡ്, ഫ്രൂട്ട് ട്രൈഫുൽ എന്നിവയും ശുപാർശ ചെയ്തിട്ടുണ്ട്.
യാത്രയ്ക്കിടെ വസ്ത്രങ്ങളിൽ കറികൾ വീഴുന്നത് ഒഴിവാക്കാനായി ഗ്രേവിയുടെ കട്ടി കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാസിനോ ഗ്രൂപ്പിന്റെ സി.എ.എഫ്.എസ്, ഇന്ത്യൻ റെയിൽവേയിൽ ഭക്ഷണ വിതരണം നടത്തുന്ന ആദ്യ എയർലൈൻ കാറ്ററിംഗ് കമ്പനിയാണ്. വരും മാസങ്ങളിൽ യാത്രക്കാർക്ക് മികച്ച ഭക്ഷണ അനുഭവം ഉറപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |