കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരും അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് അറിയാൻ കഴിയുന്നത്.
മൃഗക്കൊഴുപ്പ് സംസ്‌കരിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. തീ ഉടൻ അണയ്ക്കാൻ കഴിഞ്ഞത് മറ്റ് അപകടങ്ങൾ ഉണ്ടാക്കുന്നത് തടഞ്ഞു.
ഇന്നലെ രാത്രി 11.30 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണമാരംഭിച്ചു.
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കമ്പനി പ്രവർത്തിച്ചിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.നിലവിലെ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് ഫാക്ടറിയിലേക്ക് ബോയിലർ വാങ്ങിയതെന്നും അധികൃതർ പറയുന്നുണ്ട്.
അതേസമയം കമ്പനിക്കുമുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും രേഖകളുടേത് ഉൾപ്പെടെ കൃത്യമായ പരിശോധനകൾ ഒന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അപകടം ഉണ്ടായശേഷവും ബന്ധപ്പെട്ട അധികൃതർ ഉടൻ സ്ഥലത്തെത്തിയില്ലെന്നും അവർ ആരോപിക്കുന്നു. കമ്പനിയുടെ പ്രവർത്തനത്തെക്കുറിച്ച് നിരവധിതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എന്നും അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |