കൊൽത്തക്ക: ബംഗാളിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവത്തിൽ മാനഭംഗക്കുറ്റം നിഷേധിച്ച് പ്രതി മൊസ്താകിൻ സർദാർ. പീഡനശ്രമം പെൺകുട്ടി ചെറുത്തെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും ഇയാൾ മൊഴി നൽകി. കുട്ടി ജീവനോടെയിരുന്നാൽ പിടിക്കപ്പെടുമെന്നും കരുതി. മൃതദേഹം ചതുപ്പിൽ തള്ളിയ ശേഷം
ഇയാൾ വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയെന്ന് പൊലീസ് അറിയിച്ചു.
ഐസ്‌ക്രീം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് കുറച്ച് ദിവസമായി പെൺകുട്ടിയുമായി പ്രതി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ മാർക്കറ്റിന് സമീപത്ത് വച്ചാണ് പ്രതി കണ്ടത്. വീട്ടിലേക്ക് വിടാമെന്ന് പറഞ്ഞ് ഒപ്പം കൂട്ടി. ആളൊഴിഞ്ഞ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ വെള്ളിയാഴ്ച രാത്രി കാണാതായ 11 വയസുകാരിയെ പിറ്റേദിവസം പുലർച്ചെ ഗംഗാനദീതീരത്തെ ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തെത്തുടർന്ന് പ്രദേശത്ത് വൻ പ്രതിഷേധമാണ് ഉയർന്നത്. പൊലീസ് നിഷ്‌ക്രിയമാണെന്ന് ആരോപിച്ച് പൊലീസ് ക്യാമ്പ് കത്തിക്കുകയും വാഹനങ്ങളുൾപ്പെടെ തകർക്കുകയും ചെയ്തിരുന്നു.
നൂറുകണക്കിനു വരുന്ന ജനക്കൂട്ടം ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞു. ലാത്തികളും ചൂലുകളും അടുക്കള പാത്രങ്ങളുമായി സ്ത്രീ പ്രതിഷേധക്കാർ തെരുവിലിറങ്ങി. വൻ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിക്കുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകവും ലാത്തി ചാർജും പ്രയോഗിക്കുകയും ചെയ്തു. ഡോക്ടറുടെ കൊലപാതകത്തിൽ മമത സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുമ്പോഴാണ് പുതിയ ആരോപണവും. മമതയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ഉൾപ്പെടെ പ്രതിപക്ഷം രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |