തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഉമ്മാക്കി കണ്ട് തങ്ങൾ പേടിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയ്ക്ക് പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ചെയ്യുന്ന ഓരോ കാര്യങ്ങളെയും ചോദ്യം ചെയ്യും. ഇന്നലെ സഭ നടക്കരുതെന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നു. അദ്ദേഹം പ്രതിരോധത്തിലാകുമെന്ന് കരുതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ച പ്രകാരം പ്രതിപക്ഷ ചോദ്യങ്ങൾ ഒഴിവാക്കിയത്.
സ്‌പീക്കറുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ദൗർഭാഗ്യകരമായ നടപടിയാണുണ്ടായത്. സ്‌പീക്കറുടേയും മുഖ്യമന്ത്രിയുടേയും ഓഫീസുകൾ ഗൂഢാലോചന നടത്തി രാജ്യ-സംസ്ഥാന താത്പര്യങ്ങളെ ബാധിക്കുന്ന 49 ചോദ്യങ്ങൾ സഭയിൽ വരാതിരിക്കാൻ നക്ഷത്ര ചിഹ്നമിടാത്തവയാക്കി. സ്പീക്കറുടെ പെഴ്സണൽ സ്റ്റാഫിലുൾപ്പെട്ട ഒരാൾ നിയമസഭ സെക്രട്ടേറിയറ്റിലിരുന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ വെട്ടിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നിയമസഭയിൽ നടന്ന സംവാദം പൂർണമായും പുറത്തുവിടണം. പിണറായി വിജയൻ നരേന്ദ്ര മോദിയാകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷാവസരം ഇല്ലാതാക്കിയെന്ന് കുഞ്ഞാലിക്കുട്ടി
ഒരു മാസമായി കേരളം ചർച്ച ചെയ്യുന്ന വിഷയങ്ങൾ പ്രതിപക്ഷത്തിന് നിയമസഭയിൽ അവതരിപ്പിക്കാനുള്ള അവസരത്തെയാണ് ഒറ്റയടിക്ക് ഇല്ലാതാക്കിയതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. ഇന്ത്യയിൽ ബി.ജെ.പി ചെയ്യുന്ന അതേ ക്യാമ്പയിൻ സി.പി.എം കേരളത്തിൽ നടത്തുന്നതിനെ പ്രതിപക്ഷം ഇനിയും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും സർക്കാരും ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ നടത്തിയ ശ്രമത്തെയാണ് പ്രതിപക്ഷം എതിർക്കുന്നതെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയെന്ന അജണ്ടയാണ് സർക്കാർ സ്വീകരിച്ചതെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |