ചേർത്തല: ആശാവർക്കർ സമരത്തിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിൽ കെട്ടിവയ്ക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം ചെറുക്കാൻ ചേർത്തലയിൽ ചേർന്ന എൻ.ഡി.എ നേതൃയോഗം തീരുമാനിച്ചു. സമരത്തിന് പൂർണ പിന്തുണ നൽകും. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും സ്ത്രീവിരുദ്ധമായ നിലപാടുകളുമാണ് സമരം തുടരാൻ കാരണമെന്നും യോഗം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ പറഞ്ഞു.
വികസിത കേരളം എന്ന മുദ്രാവാക്യമുയർത്തി എൻ.ഡി.എ ജനങ്ങളിലേക്കിറങ്ങും. സർക്കാരും പ്രതിപക്ഷവും കടൽമണൽ ഖനനം ഉയർത്തി തീരദേശ ജനതയെ തെറ്റിദ്ധരിപ്പിക്കുകയാണ്. വഖഫ് ഭേദഗതി ബില്ലിലെ നിലപാടിൽ സംസ്ഥാനത്തെ ഭരണ - പ്രതിപക്ഷങ്ങൾ തീരദേശത്തെ വഞ്ചിച്ചു. ബിൽ കൊണ്ടുവന്ന കേന്ദ്ര സർക്കാരിനെ യോഗം അഭിനന്ദിച്ചു. ബില്ലിലൂടെ മത്സ്യത്തൊഴിലാളികൾക്കുണ്ടായ നേട്ടമുയർത്തി പ്രചാരണം നടത്തും. 10ന് മുനമ്പത്ത് പ്രത്യേക സമ്മേളനവും നടത്തും.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ രാജീവ്ചന്ദ്രശേഖറിന് യോഗത്തിൽ സ്വീകരണം നൽകി. എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി, നേതാക്കളായ വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, കെ. പത്മകുമാർ, കെ.എ.ഉണ്ണിക്കൃഷ്ണൻ, സംഗീത വിശ്വനാഥൻ, നിയാസ് വൈദ്യരാഗം, പി.എച്ച്. രാമചന്ദ്രൻ, കുരുവിള മാത്യു, വി.വി. രാജേന്ദ്രൻ, വിഷ്ണുപുരം ചന്ദ്രശേഖരൻ, പേരൂർക്കട ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
ക്രൈസ്തവരിൽ കണ്ണുനട്ട് എൻ.ഡി.എ
വഖഫ് ബില്ലിലെ നിലപാടുകളുടെ പേരിൽ ക്രൈസ്തവ വിഭാഗങ്ങളിൽ സ്വാധീനമുറപ്പിക്കാൻ എൻ.ഡി.എ തീരുമാനം. വഖഫ് ബില്ലിലൂടെ ക്രൈസ്തവ - മത്സ്യത്തൊഴിൽ മേഖലയിൽ നേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ തദ്ദേശ തിരിഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാകും. നിലവിൽ മുന്നണി സമ്പൂർണ പരാജയമാണ്. ചെറുകക്ഷികളെ പരിഗണിക്കുന്നില്ല. മുന്നണി ശക്തമാക്കാൻ പ്രധാനകക്ഷികളുടെ ഇടപെടലുണ്ടാകണം. ബൂത്തുതലം മുതൽ മുന്നണി ശക്തിപ്പെടുത്താനും സംസ്ഥാനതലത്തിൽ മാസത്തിൽ ഒരു യോഗം വീതം ചേരാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |