മധുര: സി.പി.എം പാർട്ടി കോൺഗ്രസ് വേദിയിൽ മതേതര-ജനാധിപത്യ കൂട്ടായ്‌മയ്‌ക്കായി പിന്തുണ വാഗ്‌ദാനം ചെയ്‌ത് ഇടതുകക്ഷികൾ. സി.പി.ഐ, സി.പി.ഐ(എം.എൽ), ആർ.എസ്.പി, ഫോർവേഡ് ബ്ളോക്ക് കക്ഷികളാണ് ഉദ്ഘാടന സമ്മേളനത്തിൽ പ്രകാശ് കാരാട്ടിന്റെ ആഹ്വാനത്തിന് പിന്തുണ നൽകിയത്.
എല്ലാ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ ശക്തികളും കോർപറേറ്റ്-വർഗീയ ആക്രമണത്തിനെതിരെ നിർണായകമായ ചെറുത്തുനിൽപ്പ് നടത്താൻ അവസരത്തിനൊത്ത് ഉയരണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. ജയ് ഭീം, ഇങ്ക്വിലാബ് സിന്ദാബാദ്, ലാൽ സലാം തുടങ്ങിയ മുദ്രാവാക്യങ്ങൾ പരിവർത്തന പ്രസ്ഥാനത്തിനായുള്ള മുറവിളികളായി മാറണം. ബഹുജന സമരങ്ങൾ ശക്തിപ്പെടുത്താം. തൊഴിലാളികൾ, കർഷകർ, യുവാക്കൾ, സ്ത്രീകൾ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങി അടിച്ചമർത്തപ്പെട്ട എല്ലാവരെയും ചുവപ്പ് കൊടിക്കു കീഴിൽ അണിനിരത്താം.
ഇടത് പാർട്ടികൾ പാർശ്വവത്‌ക്കരിക്കപ്പെട്ട ചരിത്ര ദശാസന്ധിയാണ് നിലവിലുള്ളതെന്നും സഹകരണത്തിന് പുതിയ വഴികൾ തേടേണ്ടതുണ്ടെന്നും ഫോർവേഡ് ബ്ളോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ ചൂണ്ടിക്കാട്ടി. അടിസ്ഥാന തത്ത്വങ്ങൾ മാറ്റാതെ മുന്നേറാനുള്ള വഴികൾ തേടണം. ഇടത് ഐക്യം അത് ബാലറ്റ് പെട്ടിയിൽ വോട്ടായി മാറുകയും ചെയ്യണമെന്ന് ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ പറഞ്ഞു. സർക്കാർ സ്‌പോൺസേർഡ് അക്രമികൾ മതസ്ഥാപനങ്ങൾ തകർക്കുകയും ആൾക്കൂട്ട കൊലകൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നുണ്ടെന്ന് സി.പി.ഐ (എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കുർ ഭട്ടാചാര്യ പറഞ്ഞു. ഇതിനെതിരെ ഇടത് പാർട്ടികൾ ഒന്നിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |