ഫ്ലോറിഡ: മണിക്കൂറിൽ 285 കിലോമീറ്റർ വരെ വേഗം കൈവരിക്കുന്ന ‘മിൽട്ടൻ’ ചുഴലിക്കാറ്റിന്റെ ഭീഷണിയിൽ യു എസിലെ ഫ്ലോറിഡ. ഇന്ന് കാറ്റ് പൂർണശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഇതേത്തുടർന്ന് താമസസ്ഥലത്തുനിന്ന് ഒഴിയാൻ ഭരണകൂടം ജനങ്ങൾക്ക് നിർദ്ദേശം നൽകി.
കാറ്റഗറി അഞ്ച് ശക്തിയോടെ ഫ്ളോറിഡയുടെ പശ്ചിമ തീരങ്ങളിൽ പ്രാദേശിക സമയം ഇന്ന് രാത്രിയോടെ മിൽട്ടൻ നിലംതൊടാൻ സാദ്ധ്യതയെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണത്തിൽപ്പെട്ടവയെയാണ് കാറ്റഗറി അഞ്ചിൽ ഉൾപ്പെടുത്തുക. മുൻകരുതലിന്റെ ഭാഗമായി ഫ്ളോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്ളോറിഡ തീരത്ത് അതീവ ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് പേർ വീടുകൾ ഒഴിഞ്ഞ് സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറി.
2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടൻ എന്നാണ് പ്രവചനം. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകി. ഫ്ലോറിഡയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. ടാമ്പ, ക്ളിയർവാട്ടർ എന്നീ എയർപോർട്ടുകളും കൊടുങ്കാറ്റിന്റെ ഭീഷണി നിലനിൽക്കുന്നതിനാൽ അടച്ചിടും. യുഎസിൽ കനത്ത നാശം വിതച്ച ഹെലൻ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ മിൽട്ടനും കൂടിയെത്തുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റിൽ 160ലധികം പേരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |