തിരുവനന്തപുരം: എൽഡിഎഫിൽ നിന്നുള്ള പുറത്തുപോകലിനും വിവാദ ആരോപണങ്ങൾക്കും പിന്നാലെ നിയമസഭയിലെത്തി നിലമ്പൂർ എംഎൽഎ പി വി അൻവർ. കെെയിൽ ചുവന്ന തോർത്തും കഴുത്തിൽ ഡിഎംകെയുടെ ഷാളും അണിഞ്ഞാണ് അൻവർ സഭയിലെത്തിയത്. കെടി ജലീലിനൊപ്പം എത്തിയ അൻവർ ഒന്നാം നില വരെ ജലീലിനൊപ്പം തുടർന്നു.
പിന്നീട് അകത്തേക്ക് പ്രവേശിച്ച് പുതിയതായി അനുവദിച്ച ഇരിപ്പിടത്തിലേക്ക് മാറി. പ്രതിപക്ഷത്തോട് ചേർന്ന് നാലാം നിരയിൽ ലീഗ് എംഎൽഎ എ കെ എം അഷ്റഫിനോട് ചേർന്നാണ് അൻവറിന്റെ ഇരിപ്പിടം. അൻവർ സഭയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ മഞ്ഞളാംകുഴി അലി എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. നജീബ് കാന്തപുരം, പി ഉബെെഗുള്ള എന്നിവരും അൻവറിന് കെെകൊടുത്തു.
പൊലീസിൽ വിശ്വാസമില്ലാത്തതിനാലാണ് ഗവണറെ കണ്ടതെന്ന് അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എസ്ഐടി ശരിയായ അന്വേഷണം നടത്തുന്നില്ല. തന്റെ പോലും മൊഴിയെടുത്തിട്ടില്ലെന്നും അൻവർ ആരോപിച്ചു.
അതേസമയം, ഇന്ന് സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയിട്ടില്ല. പനി ആയതിനാൽ ഡോക്ടർമാർ വിശ്രമം നിർദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു, ആർഎസ്എസ് - എഡിജിപി കൂടിക്കാഴ്ച സംബന്ധിച്ച് ഇന്നലെ നടന്ന അടിയന്തരപ്രമേയ ചർച്ചയിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.
ഇന്നലെ രാവിലെ സഭയിൽ എത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന സംവിധാനത്തിനെതിരെ സർക്കാർ ഇന്ന് പ്രമേയം അവതരിപ്പിക്കും. തൃശൂർ പൂര വിഷയവും ഇന്ന് സഭയിൽ ചർച്ചയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |