വാഷിംഗ്‌ടൺ: ഇന്ത്യക്കാർക്ക് സഹായകരമാകുന്ന രീതിയിൽ രണ്ടര ലക്ഷത്തോളം അധിക വിസ അനുവദിച്ച് അമേരിക്ക. ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ, വിദഗ്ദ്ധ തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങി യുഎസിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കെല്ലാം അവസരം നൽകുക എന്നതാണ് ഇതിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനത്തിന് ശേഷമാണ് പ്രഖ്യാപനം. ഇത് യുഎസ് - ഇന്ത്യ ബന്ധത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ യു എസ് അംബാസഡർ എറിക് ഗാർസെറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വിസ നടപടികൾ വേഗത്തിലാക്കണമെന്നത് ഇന്ത്യ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. സന്ദർശക വിസയ്‌ക്കുള്ള അപ്പോയിന്റ്മെന്റിന് കാലതാമസമെടുക്കുമായിരുന്നു. പുതിയ തീരുമാനം നടപ്പിലായതോടെ ഇതിൽ ആശ്വാസമാകും.
വിസയുടെ എണ്ണം വർദ്ധിപ്പിച്ചത് ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും കൂടുതൽ പ്രയോജനം ചെയ്യും. കൃത്യ സമയത്ത് തന്നെ അഡ്‌മിഷൻ എടുക്കാനും പഠനം മുന്നോട്ട് കൊണ്ടുപോകാനും വിദ്യാർത്ഥികൾക്ക് സാധിക്കും. അമേരിക്ക സന്ദർശിക്കാനോ, അവിടെ പഠിക്കാനോ, ജോലി നേടി സ്ഥിരതാമസമാക്കാനോ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇതൊരു മികച്ച അവസരമാണ്.
2024ൽ ഇതുവരം 1.2 ദശലക്ഷം ഇന്ത്യക്കാർ യുഎസിലേക്ക് യാത്ര ചെയ്‌തിട്ടുണ്ട്. 2023മായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ആറ് ദശലക്ഷത്തോളം ഇന്ത്യക്കാർക്കാണ് യുഎസിൽ കുടിയേറ്റ വിസയുള്ളത്. വരുന്ന വർഷം യുഎസിലേക്കുള്ള വിസ ലഭിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |