SignIn
Kerala Kaumudi Online
Monday, 07 July 2025 2.37 PM IST

മോഹൻലാലും മകനും, രണ്ട് ആഗ്രഹങ്ങൾ സഫലമാക്കാൻ കഴിയാതെ മാധവൻ മടങ്ങി

Increase Font Size Decrease Font Size Print Page
tp-madhavan-actor

സിനിമയിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ ശ്രീ. ടി.പി. മാധവന് അവിടെവച്ച് പക്ഷാഘാതം സംഭവിച്ചു. തുടർന്ന് ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുകയും ഏകദേശം നടക്കാമെന്നായപ്പോൾ അവർ ചേർന്ന് തിരികെ നാട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു. തിരുവനന്തപുരത്തെത്തി ഒരു ലോഡ്ജ് മുറിയിൽ ദുരിതപൂർണ്ണമായ ജീവിതം നയിച്ചുവന്ന അദ്ദേഹം ഒടുവിൽ ഗാന്ധിഭവനിലേക്ക് എത്തുകയായിരുന്നു. 2016 ഫെബ്രുവരി 28 നാണ് ഗാന്ധിഭവനിലെത്തുന്നത്.

ഗാന്ധിഭവനിൽ നിന്നുള്ള ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത ടി.പി. സിനിമയിലെ തിരക്കുകളിൽ നിന്നും അകന്നെങ്കിലും ഗാന്ധിഭവനുമായി ബന്ധപ്പെട്ടുള്ള നിരവധി വേദികളിൽ സജീവമായിരുന്നു. വിവിധസ്ഥലങ്ങളിൽ നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തു. യാത്രകൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ടിപി, ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജന്റെ യാത്രകളിൽ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ എപ്പോഴും പങ്കുചേരുമായിരുന്നു. ഗാന്ധിഭവനിലെ കുട്ടികൾക്കും മറ്റ് അന്തേവാസികൾക്കുമൊപ്പം സമയം ചിലവിടുന്നതായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുണ്ടായിരുന്നത്. ഗാന്ധിഭവനിലെത്തിയശേഷം അദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്‌കാരം, പ്രേംനസീർ അവാർഡ്, കൊട്ടാരക്കര ശ്രീധരൻനായർ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഗാന്ധിഭവനിലെത്തിയ ശേഷം ഒരു സിനിമയിലും രണ്ട് ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.

നാൽപ്പതാം വയസിൽ സിനിമാരംഗത്തെത്തിയ അദ്ദേഹം തന്റെ നാലുപതിറ്റാണ്ടുകാലത്തെ സിനിമാജീവിതത്തിനിടയിൽ അറുന്നൂറോളും സിനിമകളിലും മുപ്പതിലധികം ടി.വി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഗ്രന്ഥകാരനും വിദേശ സർവ്വകലാശാലകളിലടക്കം ഡീനുമായിരുന്ന ഡോ. എൻ. പമേശ്വരൻ പിള്ളയുടെയും മീനാക്ഷിക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1935 നവംബർ 7 ന് തിരുവനന്തപുരത്താണ് ടി.പി. മാധവന്റെ ജനനം.

ആഗ്ര യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം നേടിയ ടി.പി മാധവൻ പിന്നീട് ഡൽഹി എസ്.എ.ഡി.സി.യിൽ നിന്നും ബിസിനസ് മാനേജ്‌മെന്റിൽ ഡിപ്ലോമ നേടി. 1960 ൽ കൽക്കത്ത പബ്ലിസിറ്റി സൊസൈറ്റി ഓഫ് ഇന്ത്യയിൽ അഡ്വർടൈസ്‌മെന്റിൽ ബ്യൂറോ ചീഫായി ജോലിയിൽ പ്രവേശിക്കുകയും ബ്ലിറ്റ്സ്, ഫ്രീ പ്രസ് ജേർണൽ എന്നിവയിൽ പ്രവർത്തിക്കുകയും ചെയ്തു. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ബോംബെയിലും കൽക്കത്തയിലുമായി ദീർഘകാലം സേവനമനുഷ്ടിച്ചു. കേരളകൗമുദി പത്രത്തിന്റെ കൽക്കത്ത ബ്യൂറോ ചീഫായും ടി.പി. ജോലിചെയ്തിട്ടുണ്ട്. ഇതിനിടെ ബാംഗ്ലൂരിൽ സ്വന്തമായി പരസ്യകമ്പനിയും ആരംഭിച്ചു.

കുട്ടിക്കാലം മുതൽ തന്നെ പാട്ടിലും അഭിനയത്തിലും അതീവ താല്പരനായിരുന്ന ടി.പി തന്റെ കർമ്മമേഖലകളായിരുന്ന ബോംബെ, കൽക്കത്ത, ബാംഗ്ലൂർ എന്നിവിടങ്ങളിലെയെല്ലാം മലയാളിസംഘടനകളിലെ പ്രധാന ആകർഷണമായിരുന്നു. അവിടെ നാടകാഭിനയത്തിലും അദ്ദേഹം തിളങ്ങി. കൽക്കട്ടയിൽ വെച്ച് യാദൃച്ഛികമായി നടൻ മധുവുമായി പരിചയപ്പെട്ടത് ചലച്ചിത്രമേഖലയിലേക്കുള്ള വഴിയൊരുക്കി. നടൻ മധു സംവിധാനം ചെയ്ത 'പ്രിയ' എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്കു പ്രവേശിക്കുന്നത്. പിന്നെ നിരവധി സിനിമകൾ. 1983 ൽ ചന്ദ്രകുമാർ സംവിധാനം ചെയ്ത 'ആന' എന്ന ചിത്രം നിർമ്മിച്ചതും ടിപിയാണ്. മലയാള സിനിമാതാരസംഘടനയായ 'അമ്മ' രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായ ടിപി തുടർച്ചയായി പത്ത് വർഷം ആ സ്ഥാനം അലങ്കരിച്ചു.


മക്കൾ: ദേവിക, രാജകൃഷ്ണ മേനോൻ (എയർ ലിഫ്റ്റ്, ഷെഫ്, പിപ്പ, ബരാഹ് ആന, ബാസ് യുൻ ഹായ് എന്നീ ഹിന്ദി ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത ബോളിവുഡ് സംവിധായകനാണ് രാജകൃഷ്ണമേനോൻ). ടി.പി. മാധവൻ സിനിമയിൽ സജീവമായതോടെ ഭാര്യ സുധയുമായി വിവാഹമോചനം നേടി. ഡോ. രാംനായർ (യു.എസ്.എ.), ഇന്ദിര നായർ, കല്യാണി ഉണ്ണിത്താൻ (യു.എസ്.എ) ചന്ദ്രിക നായർ (പൂനെ) ഉണ്ണി തിരുക്കോട് എന്നിവർ സഹോദരങ്ങളാണ്.

ആഗ്രഹങ്ങൾ ബാക്കിയാക്കി യാത്ര...

രണ്ട് പ്രധാന ആഗ്രഹങ്ങൾ ബാക്കിയാണ് ടി.പി. മാധവൻ യാത്രയായത്. മകനെ ഒന്നു കാണണമെന്നതായിരുന്നു ആദ്യത്തേത്. മോഹൻലാലിനെ കാണണമെന്നതായിരുന്നു മറ്റൊന്ന്. ഈ ആഗ്രഹം പലപ്പോഴും പറയുകയും ഗാന്ധിഭവൻ അധികൃതർ അതിനായി ശ്രമിക്കുകയും ചെയ്‌തെങ്കിലും അത് സാദ്ധ്യമായില്ല.


ടി.പി. മാധവന്റെ മൃതദേഹം നിവവിൽ കൊല്ലം എൻ.എസ്. ഹോസ്പിറ്റൽ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ 9 മണി മുതൽ 1 മണി വരെ പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനമുണ്ടാകും. വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്‌കാരം.

TAGS: TP MADHAVAN, MOHANLAL, ACTOR TP MADHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.