തിരുവനന്തപുരം: ടി.വി ചാനലിന്റെ മൈക്ക് കണ്ണിൽ തട്ടിയ സംഭവത്തിൽ വാർത്താലേഖകൻ മോഹൻലാലിനെ വിളിച്ച് ക്ഷമ പറഞ്ഞു. അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞ് സ്വകാര്യ ചാനൽ റിപ്പോർട്ടറെ മോഹൻലാൽ സമാധാനിപ്പിച്ചു. ''അതു കഴിഞ്ഞ കാര്യമല്ലേ. കുഴപ്പമുണ്ടായാലും ഒന്നും ചെയ്യനാകില്ലല്ലോ... പുരികത്ത് കൊള്ളാവുന്നത് കണ്ണിൽ കൊണ്ടു. വേറെ കുഴപ്പമൊന്നുമില്ല!"" എന്നായിരുന്നു ലാലിന്റെ കുറിക്കുകൊള്ളുന്ന മറുപടി.
ചൊവ്വാഴ്ച ജി.എസ്.ടി സംഘടിപ്പിച്ച ചടങ്ങ് കഴിഞ്ഞ് മടങ്ങിയപ്പോഴാണ് മകൾ വിസ്മയയുടെ സിനിമാപ്രവേശം സംബന്ധിച്ച 'ബൈറ്റ്" എടുക്കാൻ മാദ്ധ്യമ പ്രവർത്തകർ സമീപിച്ചത്. 'ഞാനറിഞ്ഞിട്ട് പറയാം..."എന്നു പറഞ്ഞ് കാറിൽ കയാറാൻ ശ്രമിക്കുന്നതിനിടെയാണ് ഒരു മൈക്ക് മോഹലാലിന്റെ കണ്ണിൽ തട്ടിയത്. ക്ഷുഭിതനാകാതെ 'എന്താണ് മോനേ ഇത്..."എന്നു പറഞ്ഞ് സൗമ്യമായിട്ടാണ് മോഹൻലാൽ പോയത്.
സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഈ സംഭവത്തിന്റെ വീഡിയ വ്യാപകമായി പ്രചരിക്കുകയും ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. തുടർന്ന് ലേഖകൻ മോഹലാലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു. പിന്നീട് മോഹൻലാൽ തിരിച്ചുവിളിച്ചു. ഉണ്ടായ സംഭവം ലേഖകൻ പറഞ്ഞു.
മോഹൻലാലുമായി സംസാരിച്ച ഫോൺ റെക്കാഡും ലേഖകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വിസ്മയയുടെ സിനിമാപ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും മോഹൻലാൽ വിശദീകരിച്ചു. 'അഞ്ചുമണിക്കോ, ആറുമണിക്കോ ഒരു പോസ്റ്റ് ഇടുമെന്ന് പറഞ്ഞു. ഞാൻ ഒരു ചടങ്ങിന് കയറി. അതിനിടയ്ക്ക് എന്താണ് ന്യൂസിൽ വന്നതെന്ന് എനിക്കറിയില്ല. അറിയാത്ത ഒരു കാര്യം സംസാരിക്കരുതല്ലോ. അതുകൊണ്ടാണ് എനിക്ക് അറിയില്ല. അറിഞ്ഞിട്ട് പറയാമെന്ന് പറഞ്ഞത്"
''കുഴപ്പമൊന്നുമില്ല മോനേ, ടേക്ക് കെയർ ഞാൻ പക്ഷേ, നോക്കി വച്ചിട്ടുണ്ട്..."" എന്ന തമാശ പറഞ്ഞ് ചിരിച്ചാണ് മോഹൻലാൽ സംഭാഷണം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |