ബത്തേരി: കേരള ലോട്ടറിയുടെ ഈ വർഷത്തെ ഓണം ബമ്പർ 25 കോടി ടിക്കറ്റ് വിറ്റത് വയനാട് ജില്ലയിലാണ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ബത്തേരിയിലെ എൻജിആർ ഏജൻസിയിലെ ജിനീഷ് ആണ് ടിക്കറ്റ് വിറ്റത്. ജിനീഷ് സബ് ഏജന്റായ നാഗരാജിന് ഈ ടിക്കറ്റ് വിറ്റു. ഒരു മാസം മുൻപ് വിറ്റ ടിക്കറ്റാണ് ഇതെന്നും ആരാണ് ഭാഗ്യശാലിയെന്ന് അറിയില്ലെന്നും നാഗരാജ് പറഞ്ഞു.
ഗോർഖിഭവനിൽ ഉച്ചയ്‌ക്ക് രണ്ടു മണിക്ക് തിരുവോണം ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് നിർവഹിച്ചത്. രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേർക്ക് ലഭിച്ചു. രണ്ടാം സമ്മാനത്തിനുള്ള ആദ്യ നറുക്കെടുപ്പ് വി.കെ.പ്രശാന്ത് എം.എൽ.എയും നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, ജോയിന്റ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ) മായാ എൻ.പിള്ള, ജോയിന്റ് ഡയറക്ടർ (ഓപ്പറേഷൻസ്)എം.രാജ് കപൂർ എന്നിവർ പങ്കെടുത്തു.
25 കോടി രൂപ ഒന്നാംസമ്മാനവും ഒരു കോടി രൂപവീതം 20പേർക്ക് രണ്ടാം സമ്മാനവും 50ലക്ഷംരൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളായും നൽകുന്നുണ്ട്. വില്പനയിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് മുന്നിൽ. 13.02ലക്ഷം ടിക്കറ്റുകൾ വിറ്റു. തിരുവനന്തപുരത്ത് 9.46 ലക്ഷവും തൃശ്ശൂരിൽ 8.61ലക്ഷവുമാണ് വിൽപന നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |