ന്യൂഡല്‍ഹി: വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് ചെയര്‍മാനുമായ രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. മുംബയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് സംബന്ധിച്ച് വിവരങ്ങള്‍ നേരിട്ട് അറിയാവുന്ന വൃത്തങ്ങളില്‍ നിന്നാണ് വിവരം ലഭിച്ചതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിങ്കളാഴ്ച രത്തന്‍ ടാറ്റ ആശുപത്രിയില്‍ പരിശോധനകള്‍ക്കായി പോകുകയും പിന്നീട് ഇതിന്റെ വിവരങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി അറിയിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ പോയത് പതിവ് മെഡിക്കല്‍ പരിശോധനകളുടെ ഭാഗമാണെന്നും തനിക്ക് പ്രായ സംബന്ധമായ പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളൂവെന്നും 86കാരനായ രത്തന്‍ ടാറ്റ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
തന്റെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവന്ന പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ടാറ്റ ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |