സിനിമയാണ് ടി.പി. മാധവന്റെ 'തലവര' മാറ്റിയത്. സിനിമയോ , ജീവിതമോ ഏതാണ് വേണ്ടതെന്ന ചോദ്യത്തിന് ടി.പി മാധവന്റെ മറുപടി ഇങ്ങനെ : സിനിമ മതി. ജോലി ഉപേക്ഷിച്ച് വർഷങ്ങൾക്കു മുൻപ് സിനിമയെ പ്രിയസഖിയാക്കി മാധവൻ മാറിയപ്പോൾ കുടുംബ ജീവിതമൊന്നാകെ ഇളകി. മലയാള സിനിമയിൽ അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച് നാലരപതിറ്റാണ്ട് നിറസാന്നിദ്ധ്യമായിരുന്ന ടി.പി. മാധവൻ ഉറ്റവർ ഉണ്ടായിട്ടും നയിച്ചത് ഒറ്റപ്പെട്ട ജീവിതം. പ്രിയപ്പെട്ടവരെ ഒരു നോക്കുകാണാൻ ടി.പി. മാധവൻ ഏറെ ആഗ്രഹിച്ചു. അവർ ഒരിക്കൽപോലും തേടി വന്നില്ല. മറവിരോഗത്തിന്റെ പിടിയിൽ അവസാന നാൾ അമർന്നു. "" ജീവിതം ഇങ്ങനെയാണ്. നമ്മൾ പ്രതീക്ഷിക്കുന്നതു പോലെയാകില്ല. പത്തനാപുരം ഗാന്ധിഭവൻ ഉണ്ടായിരുന്നതുകൊണ്ട് മാധവേട്ടന്റെ ജീവിതം മുൻപോട്ട് പോയി "".ടി.പി മാധവന്റെ ഭാര്യ വേഷത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പഴയകാല അഭിനേത്രി ലളിതശ്രീയുടെ വാക്കുകൾ.1975ൽ
രാഗം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക്. തുടക്കത്തിൽ നെഗറ്റീവ് വേഷങ്ങൾ. ഹാസ്യ കഥാപാത്രങ്ങളിലേക്ക് പിന്നീട് വഴിമാറി.
എന്നാൽ സ്വഭാവ നടൻ എന്ന വിലാസത്തിലാണ് ഏറെ തിളങ്ങിയത്.വിടർന്ന മുഖവും കണ്ണുകളും ശരീര പ്രകൃതിയും കഥാപാത്രത്തെ അനുയോജ്യമാക്കി.
അച്ഛൻ, ജഡ്ജി,, പൊലീസ്, മന്ത്രി , പ്രിൻസിപ്പൽ, കാര്യസ്ഥൻ ആടിത്തിമിർത്ത വേഷങ്ങൾ അനവധി. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ സിനിമകളിൽ അവിഭാജ്യ ഘടകമായിരുന്നു. നാടോടിക്കാറ്റ്, സന്ദേശം, കളിക്കളം, വിയറ്റ്നാം കോളനി, ലേലം , നരസിഹം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
2016 ൽ റിലീസ് ചെയ്ത മാൽഗുഡി ഡെയ്സ് ആണ് അവസാന ചിത്രം. നിരവധി സീരിയലുകളിലും വേഷമിട്ടു.
താരങ്ങളുടെ സംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. സിനിമയിൽ അവതരിപ്പിച്ച ചില കഥാപാത്രങ്ങൾ പോലെയാണ് ടി.പി. മാധവന്റെ ജീവിതമെന്ന് സഹപ്രവർത്തകർ ഒാർക്കുന്നു. ജീവിതത്തിൽ എന്നും ഒറ്റപ്പെട്ട അവസ്ഥ. സഹപ്രവർത്തകരെ കാണാൻ ആഗ്രഹിച്ചെങ്കിലും അധികം ആരും എത്തിയില്ല. പിന്നീട് ആഗ്രഹങ്ങളെയും മറവി ബാധിച്ചു.തന്നെ കാണാൻ ആരും വരാനില്ലെന്ന് പറഞ്ഞു. അവസാനം
തീർത്തും ഒാർമ്മയില്ലാത്ത അവസ്ഥയിൽ ജീവിതം. ഇന്നലെ ആ ജീവിതം തിരശീലയിൽ മറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |