തിരുവനന്തപുരം: ടി.പി. മാധവന്റെ ആഗ്രഹം പോലെ ഒടുവിൽ അദ്ദേഹത്തെ കാണാൻ മക്കളെത്തി. ഭാരത് ഭവന്റെ മുറ്റത്തെ ചില്ലുകൂട്ടിൽ അവസാന യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു അപ്പോൾ അദ്ദേഹം. മകൻ ബോളിവുഡ് സംവിധായകനായ രാജകൃഷ്ണ മേനോനും മകൾ ദേവികയുമാണ് പിണക്കങ്ങൾ മാറ്റിവച്ച് അച്ഛന്റെ അന്ത്യകർമ്മങ്ങൾക്കെത്തിയത്. ടി.പി. മാധവന്റെ സഹോദരിമാരായ മല്ലികയും ഇന്ദിരയും സഹോദരൻ നാഗേന്ദ്ര തിരുക്കോടും അന്ത്യയാത്രാ ചടങ്ങുകൾക്കെത്തിയിരുന്നു, തൈക്കാട് ശാന്തി കവാടത്തിൽ മകൻ രാജകൃഷ്ണ മേനോനും സഹോദരനും ചേർന്നാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.
മുപ്പതുവർഷമായി ടി.പി മാധവൻ കുടുംബവുമായി അകൽച്ചയിലാണ്. നാലു പതിറ്റാണ്ട് മലയാള സിനിമയിൽ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹം 2016 ഫെബ്രുവരി 28 മുതൽ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. ഏകാന്തയാത്രയ്ക്കിടെ ഹരിദ്വാറിലെ ഒരാശ്രമത്തിൽ തളർന്നു വീണ അദ്ദേഹത്തിന് ഗാന്ധിഭവനിലേക്കുള്ള വഴിയൊരുക്കിയത് സുഹൃത്തും സീരിയൽ സംവിധായകനുമായ പ്രസാദ് നൂറനാട്. ഗാന്ധിഭവന്റെ സ്നേഹത്തണലിൽ ഉന്മേഷം വീണ്ടെടുത്ത അദ്ദേഹത്തെ തേടി സഹോദരിമാരും സഹോദരനും എത്തിയിരുന്നെങ്കിലും മക്കൾ ഒരിക്കൽപ്പോലും കാണാനെത്തിയില്ല.
ഗാന്ധിഭവനിൽനിന്ന് വൈകിട്ട് മൂന്ന് മണിയോടെ ഭാരത് ഭവനിലെത്തിച്ച ഭൗതികദേഹത്തിൽ സാമൂഹ്യ- രാഷ്ട്രീയ- ചലച്ചിത്ര രംഗത്തെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. തൈക്കാട് ശാന്തികവാടത്തിൽ വൈകിട്ട് അഞ്ചരയ്ക്ക് അന്ത്യകർമ്മങ്ങൾക്ക് ശേഷം അദ്ദേഹം അഗ്നിയിൽ ലയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |