പാനൂർ(കണ്ണൂർ): ഓട മാലിന്യത്തിൽ വീണ് ലോട്ടറിക്കെട്ട്. കരഞ്ഞു വിറച്ചുനിന്ന വൃദ്ധന് വീണ്ടെടുത്ത് നൽകി ഫയർ ഫോഴ്സ്. നനഞ്ഞ് ചെളിപുരണ്ട ടിക്കറ്റുകൾ മുഴവൻ വാങ്ങി ജീവനക്കാരും ചുറ്റുംകൂടിയവരും. പാനൂരിലാണ് മലയാളി കരുതലിന്റെ ഉദാത്ത മാതൃക.
പാനൂർ ടൗണിലും പരിസരത്തും നടന്ന് ലോട്ടറി വിറ്റാണ് മൊകേരി സ്വദേശി അശോകന്റെ (70) ഉപജീവനം. കൈകൾക്ക് വിറയലുണ്ട്. ഇന്നലെ രാവിലെ പാനൂർ - കൂത്തുപറമ്പ് റോഡിൽ ഗവ. എൽ.പി സ്‌കൂളിന് മുൻവശത്തുവച്ച് ലോട്ടറിക്കെട്ട് ഓടയിൽ വീഴുകയായിരുന്നു. കാരുണ്യ ലോട്ടറിയുടെ അൻപതിന്റെ കെട്ടാണ്. ടിക്കറ്റൊന്നിന് 40 രൂപ വില.
അശോകന്റെ നിലവിളി കേട്ട് ആൾക്കാർ ഒത്തുകൂടി. ഇതിനിടെ സ്ളാബിനടിയിലേക്ക് ലോട്ടറി ഒഴുകിപ്പോയിരുന്നു. സ്ളാബ് ഉയർത്താൻ ചിലർ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്ത കടയിലെ ജീവനക്കാരൻ ഷഫീർ ഫയർ ഫോഴ്സിനെ വിളിച്ചു. നിസാര കാര്യമെന്നു കരുതാതെ, അവർ പാഞ്ഞെത്തി. ഹൈഡ്രോളിക് ടൂൾ ഉപയോഗിച്ച് സ്ലാബ് ഉയർത്തി ലോട്ടറി വീണ്ടെടുത്തു. ഈ ടിക്കറ്റുകൾ ഇനി ആരെടുക്കുമെന്ന അശോകന്റെ ദൈന്യത കണ്ടാണ് സുമനസ്സുകൾ വാങ്ങിയത്. കൈകൂപ്പി നന്ദി പറഞ്ഞ് അശോകൻ വേച്ചുവേച്ച് വീട്ടിലേക്ക് നടന്നു.
പാനൂർ ഫയർ സ്റ്റേഷനിലെ അനിൽകുമാർ, ദിവുകുമാർ, രഞ്ജിത്ത്, സുഭാഷ്, പ്രലേഷ്, അജീഷ്, രത്നാകരൻ എന്നിവരാണ് അശോകന് രക്ഷകരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |