ഇറ്റലിക്കാരനല്ല, ജൂതനാണെന്ന ഡി. എൻ. എ പഠനം
മാഡ്രിഡ് : അമേരിക്കയെ ലോകത്തിന് പരിചയപ്പെടുത്തിയ വിഖ്യാത പര്യവേക്ഷകൻ ക്രിസ്റ്റഫർ കൊളംബസ് ഇറ്റലിയിലെ ജനോവ സ്വദേശിയല്ലെന്ന് കണ്ടെത്തൽ. പടിഞ്ഞാറൻ യൂറോപ്പിൽ നിന്നുള്ള സെഫാർഡിക് ജൂത വംശജനായിരുന്നു അദ്ദേഹമെന്നും സ്‌പെയിനിലെ വാലെൻസിയ ആകാം അദ്ദേഹത്തിന്റെ ജന്മദേശമെന്നും ഗവേഷകർ പറയുന്നു.
സ്പെയിനിലെ സെവിയയിലെ കത്തീഡ്രലിലെ കല്ലറയിൽ കണ്ടെത്തിയ അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങളിൽ ഇരുപത് വർഷം നീണ്ട ഡി.എൻ.എ പഠനങ്ങളിലൂടെയാണ് ഗവേഷകരുടെ നിഗമനം. മൃതദേഹാവശിഷ്ടങ്ങൾ കൊളംബസിന്റേത് തന്നെയെന്നും അവർ ഉറപ്പിക്കുന്നു.
സ്‌പെയിനിലും പോർച്ചുഗലിലും ജീവിക്കുകയും 15 -ാം നൂറ്റാണ്ടിന്റെ അവസാനം വടക്കൻ ആഫ്രിക്ക അടക്കം ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായ ദേശങ്ങളിലേക്കും ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറ്റലി, ബാൽക്കൺ പ്രദേശങ്ങളിലേക്കും കുടിയേറിയവരാണ് സെഫാർഡിക് ജൂതർ.
മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷനേടാൻ കൊളംബസ് തന്റെ ജൂത വ്യക്തിത്വം മറച്ചുവയ്ക്കുകയോ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയോ ചെയ്തിരിക്കാമെന്നും ഗവേഷകർ കരുതുന്നു.
2003ൽ സ്പെയിനിലെ ഗ്രനേഡ യൂണിവേഴ്സിറ്റിയിലെ സംഘമാണ് സെവിയയിലെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൊളംബസിന്റെ മകൻ ഫെർനാൻഡോ, സഹോദരൻ ഡീഗോ എന്നിവരുടെ അസ്ഥികളും നേരത്തെ കണ്ടെത്തിയിരുന്നു.
15 -ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൊളംബസിന്റെ ആദ്യകാല ജീവിതത്തെ കുറിച്ച് വളരെ പരിമിതമായ അറിവേ ലോകത്തിനുള്ളൂ. കൊളംബസിന്റെ ജനനം എവിടെയാണെന്നതിൽ തർക്കം നിലനിന്നിരുന്നു. അദ്ദേഹം പോർച്ചുഗീസോ ക്രൊയേഷ്യനോ ഗ്രീക്കോ - പോളിഷ് വംശജനോ ആകാമെന്നും കരുതിയിരുന്നു.
ക്യൂബ വഴി സ്‌പെയിനിലേക്ക്
1506ൽ 54-ാം വയസിൽ സ്‌പെയിനിലെ വല്ലഡാലിഡിലാണ് കൊളംബസ് അന്തരിച്ചത്. കരീബിയൻ ദ്വീപായ ഹിസ്‌പാനിയോളയിൽ അന്ത്യവിശ്രമം വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. 1542ൽ മൃതദേഹാവശിഷ്ടങ്ങൾ അവിട എത്തിച്ചു. എന്നാൽ 1795ൽ ക്യൂബയിലേക്കും 1898ൽ സെവിയയിലേക്കും മൃതദേഹം മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |