പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമലനട നാളെ തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരരുടെയും മകൻ ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നിതെളിക്കും. നാളെ പ്രത്യേക പൂജകളില്ല. വൃശ്ചികം ഒന്നുമുതൽ അടുത്ത ഒരുവർഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരെ 17ന് തിരഞ്ഞെടുക്കും.25പേർ സന്നിധാനത്തും 15 പേർ മാളികപ്പുറത്തും അന്തിമ മേൽശാന്തി പട്ടികയിലുണ്ട്.
പന്തളം കൊട്ടാരത്തിലെ ഋഷികേശ് വർമ്മയും (10) വൈഷ്ണവിയുമാണ് (6) നറുക്കെടുക്കുന്നത്. 16ന് ഇരുമുടിക്കെട്ടുമായി ഇരുവരും ശബരിമലയിലേക്ക് പുറപ്പെടും. കൊട്ടാരം നിർവാഹക സംഘം പ്രതിനിധികളും രക്ഷിതാക്കളും ഒപ്പമുണ്ടാകും.
17മുതൽ ദിവസവും രാവിലെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. മഹാഗണപതിഹോമം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉദയാസ്തമനപൂജ, ഉഷഃപൂജ, ലക്ഷാർച്ചന, കലശാഭിഷേകം, ഭസ്മാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും ഉണ്ടാകും. തുലാമാസ പൂജകൾകഴിഞ്ഞ് 21ന് രാത്രി 10ന് നടയടയ്ക്കും. ചിത്തിര ആട്ടത്തിരുനാൾ വിശേഷത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |