കോഴിക്കോട്: ഐസ് കാൻഡിയിൽ കൃത്രിമനിറം ചേർത്ത് വിൽപ്പന നടത്തിയ സ്ഥാപനത്തിന് മൂന്നുമാസം തടവും 25,000 രൂപ പിഴയും. മുക്കം കാരശ്ശേരിയിൽ അന്നു ഐസ്ക്രീം സ്ഥാപനത്തിനാണ് സാക്കറിൻ സോഡിയം ചേർത്ത ഐസ് കാൻഡി നിർമ്മിച്ച് വിൽപ്പന നടത്തിയതിന് താമരശേരി ഒന്നാം ക്ലാസ് കോടതി ശിക്ഷ വിധിച്ചത്. 2016 മാർച്ചിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് നടപടി.
സ്ഥാപനത്തിൽ നിന്നും ഐസ് കാൻഡി സാമ്പിൾ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പിലെ അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ ഫലത്തിൽ സാക്കറിൻ സോഡിയം കണ്ടെത്തുകയും മനുഷ്യജീവൻ ഹാനികരമായ അൺസേഫ് റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. തുടർന്ന് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ടിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
ഭക്ഷ്യസുരക്ഷ ഗുണ നിലവാരം ഫുഡ് അഡിറ്റീവ്സ് നിയന്ത്രണം 2011 പ്രകാരം ഐസ് കാൻഡി, ഐസ് ക്രീം മുതലായവയിൽ സക്കാരിൻ സോഡിയം പോലുളള കൃതിമ മധുരം ചേർക്കാൻ പാടില്ലെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു. ജില്ലയിൽ നിയമ വിരുദ്ധമായി കൃത്രിമ നിറം ചേർത്തതിന് വിവിധ കോടതികളിലായി 150ലധികം പ്രോസിക്യൂഷൻ കേസ് നടന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |