മുംബയ്: ബംഗ്ളാദേശിനെതിരായ ട്വന്റി 20 പരമ്പരയിൽ റെക്കോർഡ് സെഞ്ച്വറി നേട്ടം കൈവരിച്ചതോടെ വിമർശകരുടെയെല്ലാം വായടപ്പിച്ചു സഞ്ജു സാംസൺ. 47 പന്തിൽ 111 റൺസ് നേടിയതോടെ ഒരു വിക്കറ്റ് കീപ്പർ ബാറ്ററുടെ ഇന്ത്യക്കായുള്ള ട്വന്റി 20 സെഞ്ച്വറി നേട്ടമാണ് ഇനി സഞ്ജുവിന്റെ പേരിൽ അറിയപ്പെടുക. ഇതോടെ തനിക്ക് റെഡ് ബോൾ ക്രിക്കറ്റിലും ഇന്ത്യൻ ജെഴ്‌സി അണിയാൻ താൽപര്യമുണ്ടെന്ന് കഴിഞ്ഞ ദിവസം സഞ്ജു തുറന്നുപറഞ്ഞിരുന്നു. ടെസ്‌റ്റിൽ തന്റെ ആഗ്രഹത്തോട് ഇന്ത്യൻ ടീം കോച്ച് ഗംഭീറും നായകൻ രോഹിത്ത് ശർമ്മയും എങ്ങനെ പ്രതികരിച്ചു എന്ന് വ്യക്തമാക്കുകയാണ് സഞ്ജു.
സ്‌പോർട്‌സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു തന്റെ ടെസ്‌റ്റ് മോഹത്തെക്കുറിച്ച് വിവരം പുറത്തുവിട്ടത്. രോഹിത്തും ഗംഭീറും ടെസ്‌റ്റ് ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന കളിക്കാരനാണ് സഞ്ജു എന്നാണ് സൂചന നൽകിയത്. 'ദുലീപ് ട്രോഫിക്ക് മുൻപായി ടീം മേധാവികൾ എന്നോട് പറഞ്ഞത് റെഡ് ബോൾ ക്രിക്കറ്റ് കൂടുതൽ ഗൗരവമായി എടുക്കാനാണ്. ടെസ്‌റ്റ് മത്സരങ്ങളിൽ എന്നെ കൂടുതൽ പരിഗണിക്കുന്നുണ്ടെന്നും അതിനാൽ രഞ്ജി ട്രോഫിയിൽ കൂടുതൽ മത്സരങ്ങൾ കളിക്കാനും ആവശ്യപ്പെട്ടു.' സഞ്ജു പറയുന്നു.
'പാടുപെട്ട് റിസൽട്ട് നേടേണ്ട ഫോർമാറ്റാണ് ടെസ്റ്റ്. അതിനായി കഷ്ടപ്പെടുന്നുണ്ട്. ശരിയായ സമയമാകുമ്പോൾ ടെസ്റ്റും കളിക്കുമെന്നാണു വിശ്വാസം. മൂന്ന് ഫോർമാറ്റിലും കളിക്കാൻ കഴിവുണ്ടെന്ന ആത്മവിശ്വാസവുമുണ്ട് ''– സഞ്ജു പറഞ്ഞു. ടെസ്റ്റ് കളിക്കുകയെന്ന ലക്ഷ്യവുമായാണ് കേരള രഞ്ജി ടീമിലേക്ക് തിരിച്ചെത്തിയതെന്നും സഞ്ജു പറഞ്ഞു. 18 മുതൽ ബംഗളുരുവിൽ നടക്കുന്ന രഞ്ജി മത്സരത്തിൽ കേരളത്തിനായി കളിക്കും. കഴിഞ്ഞ ദിവസം തുമ്പയിൽ പഞ്ചാബിനെതിരെ വിജയിച്ച കേരള താരങ്ങളെ ടീം ഹോട്ടലിലെത്തി കണ്ടിരുന്നു. അവരുമായി ഇന്ത്യൻ ടീമിലെ അനുഭവങ്ങൾ പങ്കുവച്ചുവെന്നും സഞ്ജു വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |