കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നവംബർ 13ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽ ഡി എഫ് സ്ഥാനാർത്ഥിയാകും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടായേക്കും.
ഇ എസ് ബിജിമോൾ, സത്യൻ മൊകേരി ഉൾപ്പെടെയുള്ളവരെയായിരുന്നു പാർട്ടി പരിഗണിച്ചത്. കഴിഞ്ഞതവണ രാഹുൽ ഗാന്ധിയോട് മത്സരിച്ച ആനിരാജ ഇനി മത്സര രംഗത്തേക്ക് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ആനി രാജിയുടെ മകൾ അപരാജിതയുടെ പേരും ഉയർന്നിരുന്നു.
തിരഞ്ഞെടുപ്പിന് ഇനി ഒരു മാസം പോലും ഇല്ല. അതിനാൽ തന്നെ പ്രചാരണ പ്രവർത്തനങ്ങൾ അതിവേഗതയിൽ നടത്താനാണ് മുന്നണികളുടെ തീരുമാനം. മണ്ഡലത്തിൽ നിന്ന് വിജയിച്ച രാഹുൽ ഗാന്ധി റായിബറേലിയിൽ കൂടി വിജയിച്ചിരുന്നു. റായിബറേലിയിൽ രാജിവച്ചാൽ ഉത്തരേന്ത്യയിൽ ഉണ്ടാകുന്ന തിരിച്ചടി ഭയന്ന് രാഹുൽ വയനാട് മണ്ഡലം വേണ്ടെന്നുവച്ചു. ഇതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
രാഹുലിന്റെ സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയാണ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ യുഡിഎഫ് മാസങ്ങൾക്കു മുൻപ് തന്നെ ആരംഭിച്ചിരുന്നു. സംസ്ഥാന നേതാക്കൾ തന്നെ തിരഞ്ഞെടുപ്പിന്റെ ചുമതലകൾ ഏറ്റെടുത്തിട്ടുണ്ട്.
കെ സുരേന്ദ്രൻ,ശോഭാ സുരേന്ദ്രൻ എന്നിവരിൽ ഒരാൾ എൻഡിഎ സ്ഥാനാർത്ഥിയായേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയോട് മത്സരിച്ച കെ. സുരേന്ദ്രൻ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. 1,41,045വോട്ടാണ് സുരേന്ദ്രന് കിട്ടിയത്. 2019ലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന തുഷാർ വെള്ളാപ്പള്ളി 78, 816വോട്ട് മാത്രമായിരുന്നു നേടിയത്. എൻഡിഎ വോട്ട് 7.2 ശതമാനത്തിൽ നിന്നും 13 ശതമാനം ആക്കി കെ. സുരേന്ദ്രൻ ഉയർത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയോട് ഒരു വനിത തന്നെ മത്സരിക്കട്ടെ എന്ന് തീരുമാനിച്ചാൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയായി എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |