പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വീണ്ടും വിമർശിച്ച് പിവി അൻവർ. കോൺഗ്രസിന്റെ അവസാന വാക്ക് സതീശനല്ല, യുഡിഎഫിന് പിന്നാലെ താൻ പോയിട്ടില്ലെന്നും അൻവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അദ്ധ്യായം തുറന്നാലല്ലേ അടയ്‌ക്കേണ്ടതുള്ളു. കോൺഗ്രസിന് ഒരു വാതിൽ മാത്രമല്ല ഉള്ളത്, കെപിസിസിയുടെ ജനലുകളും വാതിലുമെല്ലാം തുറന്നിട്ടിരിക്കുകയാണെന്നും അൻവർ പരിഹസിച്ചു.
പിവി അൻവറിന്റെ വാക്കുകൾ:
ഇപ്പോഴും കോൺഗ്രസ് നേതാക്കൾ എന്നെ ബന്ധപ്പെടുന്നുണ്ട്. ബിജെപി ജയിക്കരുത് എന്നാഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കളാണ് എന്നെ ബന്ധപ്പെടുന്നത്. പാലക്കാട് മണ്ഡലത്തിൽ ബിജെപി ജയിക്കും. ആ അവസ്ഥയിലേക്ക് പോവുകയാണ് കാര്യങ്ങൾ. ബിജെപി ജയിച്ചാൽ അതിന്റെ ഉത്തരവാദിത്തം എന്റെ തലയിൽ ഇടാനാണ് ശ്രമം. സി കൃഷ്‌ണകുമാർ സഹായിച്ചിരുന്നുവെന്ന് പാലക്കാട്ടെ മുസ്ലീം വിഭാഗം പറയുന്നുണ്ട്. അവർ കോൺഗ്രസിന് ഒരിക്കലും വോട്ട് ചെയ്യില്ല. ചേലക്കരയിൽ എൻ കെ സുധീറിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ല. സതീശന്റേത് അഹങ്കാരത്തിന്റെ തിളപ്പാണ്.
അതേസമയം, യുഡിഎഫിനോട് വിലപേശാൻ പിവി അൻവർ വളർന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് സഹകരണത്തിനായി അൻവറുമായി ഇനി ചർച്ചയേ ഇല്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. അൻവർ പുതിയ പാർട്ടിയുണ്ടാക്കി, ഞങ്ങളുമായി സഹകരണത്തിന് വന്നു. ഞങ്ങൾ സംസാരിച്ചു. ഞങ്ങൾക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയ ശേഷമാണോ സംസാരിക്കാൻ വരുന്നതെന്ന് അൻവറിനോട് ചോദിച്ചു. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പറഞ്ഞു.
നിങ്ങൾ റിക്വസ്റ്റ് ചെയ്താൽ പിൻവലിക്കാമെന്നായിരുന്നു അൻവറിന്റെ മറുപടി. പിന്നാലെ റിക്വസ്റ്റ് ചെയ്തിരിക്കുന്നു പിൻവലിക്കൂ എന്ന് ഞാനും പറഞ്ഞു. പിന്നാലെയാണ് കണ്ടീഷൻസ് വച്ചുളള അൻവറിന്റെ വാർത്താ സമ്മേളനം ഉണ്ടായത്. എഐസിസി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെ പിൻവലിക്കാനാണ് അൻവർ പറയുന്നത്. യുഡിഎഫ് എത്ര വര്‍ഷമായുളളതാണ്. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാനാണ് അൻവർ പറയുന്നതെന്നും സതീശൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |