: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലത്തിന് തന്റെ മനസ്സില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്നും അവിടുത്തെ ജനതയ്ക്ക് തന്റെ സഹോദരിയെക്കാള്‍ നല്ലൊരു ജനപ്രതിനിധിയെ സങ്കല്‍പ്പിക്കാന്‍ പോലും തനിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വയനാട്ടുകാരുടെ എല്ലാ ആവശ്യങ്ങള്‍ക്ക് വേണ്ടിയും പ്രിയങ്ക ശക്തയായി നിലകൊള്ളും. തന്റെ സഹോദരി പാര്‍ലമെന്റിലെ വയനാടിന്റെ ശബ്ദമായി മാറുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടെന്നും രാഹുല്‍ എക്സ് പോസ്റ്റില്‍ കുറിച്ചു. പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച വയനാട്ടിലെത്തും. രാഹുലും പ്രിയങ്കയുടെ കൂടെയുണ്ടാകുമെന്നാണ് വിവരം. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കല്‍പ്പറ്റയിലെത്തുന്നുണ്ട്.
പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ വന്‍വിജയമാകാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കുന്നതിന്റെ ആവേശം രാജ്യ തലസ്ഥാനത്തുമെത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ പലയിടങ്ങളിലായി പ്രിയങ്കയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പ്രവര്‍ത്തകരും വയനാട്ടിലേക്ക് എത്തുന്നുണ്ട്. സത്യന്‍ മൊകേരിയാണ് ഇടത് സ്ഥാനാര്‍ത്ഥി. നവ്യ ഹരിദാസാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
വയനാട് മണ്ഡലത്തിനൊപ്പം റായ്ബറേലിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച രാഹുല്‍ രണ്ടിടത്തും വിജയിച്ചിരുന്നു. തുടര്‍ന്ന് റായ്ബറേലിയെ നിലനിര്‍ത്തി വയനാട് നിന്നുള്ള അംഗത്വം ഒഴിവാക്കാനും രാഹുല്‍ ഗാന്ധി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രിയങ്ക ഗാന്ധിയെ വയനാട്ടിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |