കൊച്ചി: മുൻ ജീവനക്കാരിയുടെ മകളെ പ്രായപൂർത്തിയായശേഷവും പീഡിപ്പിച്ചുവെന്ന കേസിലും പുരാവസ്തുതട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഒരേ കുറ്റത്തിന് രണ്ടുവട്ടം വിചാരണചെയ്യുന്നത് നിയമവിരുദ്ധമാണെന്ന വാദവുമായി പ്രതി സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
ഇതേ പെൺകുട്ടിയെ 2019ൽ പീഡിപ്പിച്ചതിന് പോക്സോപ്രകാരം മോൻസനെ വിചാരണചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പുറമേയാണ് 2020-21 കാലഘട്ടത്തിൽ കുട്ടി പ്രായപൂർത്തിയായശേഷം പീഡിപ്പിച്ചെന്ന മറ്റൊരു കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. ഒരേ സ്വഭാവമുള്ള കേസുകൾ അടുപ്പിച്ചുവന്നാൽ ഒറ്റ കുറ്റപത്രം നൽകണമെന്നും ഒരുമിച്ചു വിചാരണചെയ്യണമെന്നും സി.ആർ.പി.സി 300 വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതുപ്രകാരം വിചാരണ പൂർത്തിയായതായി കണക്കാക്കി എറണാകുളം അഡീ. സെഷൻസ് കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ തുടർനടപടികൾ റദ്ദാക്കണമെന്നായിരുന്നു മോൻസന്റെ ആവശ്യം. തനിക്കെതിരെ ശാസ്ത്രീയ തെളിവുകളില്ലെന്നും വാദിച്ചു. എന്നാൽ 12 മാസത്തിനകം വരുന്ന സമാനമായ കേസുകളിലാണ് ഒരുമിച്ചുള്ള വിചാരണ വ്യവസ്ഥ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. മോൻസൻ ആദ്യം വിചാരണ ചെയ്യപ്പെട്ടത് 2019ലെ ലൈംഗികാതിക്രമത്തിനാണ്. 2020, 21 വർഷങ്ങളിൽ നടന്ന കുറ്റകൃത്യങ്ങൾ ഇതിനൊപ്പം ചേർക്കാനാകില്ലെന്നറിയിച്ച കോടതി ഈ കേസുകളിലെ വിചാരണയ്ക്കുള്ള സ്റ്റേയും നീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |