തിരുവനന്തപുരം: പി.പി ദിവ്യയ്‌ക്ക് ഒരു തരത്തിലുള്ള പ്രിവിലേജും സർക്കാരോ പാർട്ടിയോ നൽകുന്നില്ലെന്ന് എ.എ റഹിം എം.പി. ജാമ്യാപേക്ഷ പരിഗണിക്കുന്ന സന്ദർഭത്തിൽ സാധാരണഗതിയിൽ പൊലീസ് എടുക്കുന്ന സമീപനമേ പി.പി ദിവ്യയുടെ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളൂ. ഒരു പ്രിവിലേജും ദിവ്യയ‌്ക്ക് കൊടുക്കുന്നില്ല. പൊലീസിന്റെ ഭാഷ്യമാണ് പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ പറഞ്ഞത്. ഓരോഘട്ടത്തിലും അതിശക്തമായാണ് എതിർത്തത്. സർക്കാർ ഇരക്കൊപ്പമാണ് നിൽക്കുന്നതെന്നും റഹിം പ്രതികരിച്ചു.
സർക്കാരിനെ ഒരു തരത്തിലും തെറ്റിദ്ധരിക്കേണ്ട കാര്യമില്ല. ദിവ്യയുടെ പാർട്ടി എടുത്ത ഏറ്റവും ശ്രദ്ധേയമായ തീരുമാനമാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അവരെ പുറത്താക്കിയത്. കോടതിയിൽ ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാൻ ഈ സർക്കാരിനല്ലാതെ വേറെ ആർക്കാണ് കഴിയുക. മാതൃകാപരമായ നിലപാടാണത്. ഒരു സ്വജനപക്ഷപാതവും കാണിക്കുന്നില്ല. പൊലീസ് കൊടുക്കുന്ന ടൈം സ്പെഷ്യൽ പ്രിവിലേജായി കാണേണ്ടെന്നും എ.എ റഹിം പറഞ്ഞു.
എഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഒക്ടോബർ 29ന് വിധി പറയും. വാദം പൂർത്തിയായ ശേഷമാണ് കോടതി വിധി പറയാൻ മാറ്റിയിരിക്കുന്നത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പൊലീസ് കേസെടുത്തിരുന്നത്. നവീൻ ബാബുവിനെ ഏതെങ്കിലും തരത്തിൽ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും ഈ പരാമർശം വഴി അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് കോടതിയിൽ ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വൻ വാദിച്ചത്.
എന്നാൽ, പി.പി. ദിവ്യ അഴിമതിക്കെതിരേ പോരാട്ടം നടത്തുന്ന ആളല്ല അഴിമതിക്കാരിയാണ്. പമ്പിന് അനുമതി നൽകണമെന്ന് ദിവ്യ ഫോണിൽ എ.ഡി.എമ്മിനോട് ആവശ്യപ്പെട്ടു. നിയമം നോക്കി ചെയ്യാം എന്നായിരുന്നു എ.ഡി.എമ്മിന്റെ മറുപടി. പ്രശാന്തനും ദിവ്യയും തമ്മിലുള്ള നെക്സസാണ് അഴിമതി നടത്തിയതെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |