ബ്രിക്‌സിലെ സഖ്യ രാജ്യങ്ങൾ തമ്മിൽ സാമ്പത്തിക സഹകരണത്തിന് കൂടുതൽ ഊന്നൽ നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഒരേ സമയം സമാധാനത്തിന്റെയും വികസനത്തിന്റെയും വഴികൾ തുറക്കാൻ പ്രേരകമാകുന്നതാണ്. സഖ്യ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ പ്രാദേശിക കറൻസിയുടെ കൈമാറ്റമാണ് നടക്കേണ്ടതെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എവിടെയും സാമ്പത്തിക നേട്ടങ്ങളുള്ള ബിസിനസ് പുരോഗമിക്കാൻ സമാധാനം അനിവാര്യമാണ്. സംഘർഷങ്ങൾ ചിലപ്പോൾ താത്‌കാലികമായി ഏകപക്ഷീയ നേട്ടങ്ങൾ നൽകാമെങ്കിലും, ദീർഘകാല കാഴ്ചപ്പാടിൽ അത് എല്ലാ അർത്ഥത്തിലും നഷ്ടമാണ് വരുത്തിവയ്ക്കുക. ആർട്ടിക് മേഖലയിൽ പുതിയ വ്യാപാര സാദ്ധ്യതകൾ തുറക്കാൻ റഷ്യയ്ക്ക് പദ്ധതികളുണ്ട്. അതിന് ചൈനയുടെയും ഇന്ത്യയുടെയും പങ്കാളിത്തം ആവശ്യമാണ്. സംഘർഷങ്ങളുടെ പേരിൽ മുഖം തിരിഞ്ഞു നിൽക്കുന്നത് പുതിയ കാലത്തിന്റെ ബിസിനസ് സാദ്ധ്യതകളെ തല്ലിക്കെടുത്തുന്നതിനു തുല്യമാണ്. ഇത് മുൻകൂട്ടിക്കണ്ടാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള മഞ്ഞുരുകലിന് റഷ്യ മുഖ്യ പങ്കൂ വഹിച്ചത്.
ഏഷ്യൻ മേഖലയിൽ വൻ ശക്തികൾ തമ്മിൽ വടംവലി തുടർന്നാൽ ഗുണം ലഭിക്കുക പാശ്ചാത്യശക്തികൾക്കാവും. ചൈനയും ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടു എന്നതിനു തെളിവാണ് ഉച്ചകോടിയിൽ നടന്ന മോദി - ഷീ ജിൻ കൂടിക്കാഴ്ച. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സൈനിക വിന്യാസം അവസാനിപ്പിച്ച് പട്രോളിംഗ് പുനരാരംഭിക്കാനുള്ള കരാർ ഇരു നേതാക്കളും അംഗീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്ക് പ്രത്യേക പ്രതിനിധികളായ അജിത് ഡോവലും വാങ് യീയും ചർച്ച നടത്താനും ഇരു നേതാക്കളും നിർദ്ദേശം നൽകി. ഇന്ത്യയുമായുള്ള തർക്കത്തിന് പരിഹാരമായെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഷീ ജിൻ പിംഗ് സ്ഥിരീകരിച്ചത് സമാധാനവും സ്ഥിരതയും കാംക്ഷിക്കുന്ന എല്ലാവരെയും സന്തോഷിപ്പിക്കാൻ പോന്നതാണ്. 2020-ൽ ചൈനീസ് സേന യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ചതിനെത്തുടർന്നാണ് ഗാൽവാനിലെ ഏറ്റുമുട്ടൽ നടന്നത്.
എന്നാൽ ബ്രിക്‌സ് ഉച്ചകോടിയിലെ പ്രസംഗത്തിനിടെ സംഘർഷങ്ങളുടെ കാരണങ്ങളിലേക്കൊന്നും മോദി കടന്നില്ല. ഇന്നലെകളിലെ തർക്കങ്ങളെക്കുറിച്ച് ആവർത്തിച്ച് പറഞ്ഞതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്നു മാത്രമല്ല, തുടർന്നുള്ള ആശയവിനിമയത്തെയും അവതാളത്തിലാക്കും. നയതന്ത്രപരമായ ഇന്ത്യയുടെ ഈ നിലപാട് ബ്രിക്സ‌് ഉച്ചകോടിയിൽ വിജയം കണ്ടതായാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. അതേസമയം ഇന്ത്യ പിന്തുണയ്ക്കുന്നത് യുദ്ധത്തെയല്ല, ചർച്ചകളെയാണെന്ന് പ്ളീനറി സമ്മേളനത്തിൽ മോദി വ്യക്തമാക്കുകയും ചെയ്തു. ലോകം നേരിടുന്ന ബഹുമുഖ വെല്ലുവിളികളെ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബ്രിക്സ് നേരിടണമെന്ന് മോദി ചൂണ്ടിക്കാട്ടി. ബ്രിക്‌സ് കൂട്ടായ്‌മയിൽ മോദി ചൂണ്ടിക്കാട്ടിയ മറ്റൊരു പ്രധാന വിഷയം ഭീകരതയോട് ഇരട്ടത്താപ്പ് പാടില്ല എന്നതാണ്. ഒരേസമയം പാകിസ്ഥാനും അമേരിക്കയ്ക്കും എതിരെ എയ്‌ത ഒരു ഒളിയമ്പാണിത്.
ഭീകരതയെ ചെറുക്കാൻ ഒറ്റക്കെട്ടായുള്ള സത്യസന്ധമായ പിന്തുണ എല്ലാവരിൽ നിന്നും ഒരുപോലെ ഉണ്ടാകണം. ഐക്യരാഷ്ട്ര രക്ഷാസമിതി, ലോക ബാങ്ക്, ലോക വ്യാപാര സംഘടന തുടങ്ങിയ ആഗോള സ്ഥാപനങ്ങൾ കാലോചിതമായി മാറാൻ ശ്രമിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ബ്രിക്‌സ് ഉച്ചകോടി ഇന്ത്യാ - ചൈനാ ബന്ധത്തിൽ ഒരു വഴിത്തിരിവിന് ഇടയാക്കുന്നതാണ്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർണമായും പൂർവസ്ഥിതിയിലാകുമെന്ന് കരുതാനാവില്ല. ഇപ്പോൾ ഇരു രാജ്യങ്ങളും എത്തിച്ചേർന്നിട്ടുള്ള കരാറിലെ വ്യവസ്ഥകൾ എങ്ങനെയാണ് പ്രായോഗിക തലത്തിൽ നടത്തപ്പെടുക എന്നതിനെ ആശ്രയിച്ചിരിക്കും അത്. സൗഹൃദത്തിനു പിന്നാലെ ശത്രുത പ്രകടിപ്പിക്കുന്ന ഒരു സ്വഭാവം ചൈനയ്ക്കുള്ളതാണ്. അതിനാൽ കരുതലോടെയാവും ഇന്ത്യയും മുന്നോട്ടു നീങ്ങുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |