തിരുവനന്തപുരം: മുൻ വൈസ്ചാൻസലർ പ്രൊഫ. സിസാതോമസിനെതിരേ സിൻഡിക്കേറ്റ് രേഖകൾ മോഷ്ടിച്ചെന്നാരോപിച്ച് പൊലീസിൽ കേസ് കൊടുക്കാനുള്ള ബോർഡ് ഒഫ് ഗവേണൻസ് തീരുമാനം സാങ്കേതിക വാഴ്സിറ്റി സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യം സർക്കാരിന്റെ പരിഗണനയ്ക്ക് വരുമ്പോൾ തീരുമാനം അറിയിക്കും.
സിൻഡിക്കേറ്റ് ഫയലുകൾ കാണാനില്ലെന്ന വിവരം പത്രങ്ങളിൽ നിന്നാണ് അറിഞ്ഞത്. സർവകലശാലയുടെ ഉത്തമബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവർ തീരുമാനങ്ങളെടുക്കുന്നത്. സർക്കാരിന്റെ അനുമതിയില്ലാതെ വൈസ്ചാൻസലറായി ചുമതലയേറ്റതിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് സിസയ്ക്ക് പെൻഷൻ നൽകാത്തത്. ഇതിൽ ഉന്നതവിദ്യാഭ്യാസ വകുപ്പോ മന്ത്രിയോ ഇടപെട്ടിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാവും ഇക്കാര്യത്തിൽ തുടർനടപടികൾ.
വി.സിയായിരിക്കെ, സിസാതോമസിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉപസമിതിക്ക് സിൻഡിക്കേറ്റ് രൂപം നൽകിയിരുന്നു. ഈ തീരുമാനത്തിന്റെ യഥാർത്ഥ രേഖകൾ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിനെ സമീപിക്കാനുള്ള ബോർഡ് ഒഫ് ഗവേണൻസ് തീരുമാനം. സിൻഡിക്കേറ്റ് തീരുമാനങ്ങൾ തന്റെ വിയോജനക്കുറിപ്പോടെ സിസ ഗവർണർക്ക് നൽകിയിരുന്നു. രാജ്ഭവനിൽ വാഴ്സിറ്റി പിന്നീട് അന്വേഷിച്ചപ്പോൾ രേഖകൾ കണ്ടെത്താനായില്ല. ഒറിജിനൽ രേഖകൾ വാഴ്സിറ്റിയുടെ സ്വത്താണെന്ന് വ്യാഖ്യാനിച്ചാണ് മോഷണക്കേസിനുള്ള നീക്കം. അതേസമയം, മുൻ വി.സിക്കെതിരേ പ്രതികാര നടപടി പാടില്ലെന്നും പൊലീസ് കേസിലേക്ക് നീങ്ങരുതെന്നും ഗവർണർ കർശന നിർദ്ദേശം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |