ശബരിമല: ഏലയ്ക്കായിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് സാന്നിധാനം മാളികപ്പുറം ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 6.65 ലക്ഷം ടിൻ അരവണ നീക്കം ചെയ്തു തുടങ്ങി.ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനിയറിംഗ് സൊല്യൂഷൻസ് എന്ന
കമ്പനിയാണ് 1.16 കോടി രൂപയ്ക്ക് കരാറെടുത്തിരിക്കുന്നത്. ട്രാക്ടറിലാണ് പമ്പയിലേക്ക് മാറ്റുന്നത്. പൂർണമായി മാറ്റാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരും. ഹൈദരാബാദിലെത്തിച്ച് വളമാക്കി മാറ്റും.
2021-22 കാലയളവിലാണ് അരവണ നിർമ്മാണത്തിന് ഉപയോഗിച്ച ഏലയ്ക്കായിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. തുടർന്ന് അരവണ ഗോഡൗണിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സുപ്രീംകോടതി ഇടപെട്ട് നടത്തിയ പരിശോധനയിൽ കീടനാശിനിയുടെ അംശമില്ലെന്ന് തെളിഞ്ഞെങ്കിലും അപ്പോഴേക്കും ഒരു വർഷം കഴിഞ്ഞിരുന്നു. ഉപയോഗശൂന്യമായതിനാൽ ഗോഡൗണിൽത്തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. വനത്തിൽ അരവണ മറവു ചെയ്യാൻ ദേവസ്വം ബോർഡ് ആലോചിച്ചെങ്കിലും വനംവകുപ്പ് അനുവദിച്ചില്ല. തുടർന്നാണ് വളമാക്കാൻ കരാർ നൽകിയത്.
മൻമോഹൻ ബംഗ്ളാവ്:
അറ്റകുറ്റപ്പണിക്ക്16 ലക്ഷം
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ളാവിന്റെ അടുക്കളയിലെ ചോർച്ച മാറ്റാനുൾപ്പെടെ 16.94 ലക്ഷം രൂപ അനുവദിച്ചു. ബംഗ്ളാവിന്റെ ഔട്ട് ഹൗസിലെ സിവിൽ ജോലികൾക്കു കൂടിയാണിത്. പൊതുമരാമത്ത് വകുപ്പാണ് ടെൻഡർ ക്ഷണിച്ചത്.
വാളയാർ കേസ്:
നോട്ടീസിന് ഉത്തരവ്
ന്യൂഡൽഹി: വാളയാർ കേസിലെ ഇരകൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന ഹർജിയിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ. സോജനും, സംസ്ഥാന സർക്കാരിനും നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. സോജനെതിരെയുള്ള പോക്സോ കേസ് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഇരകളുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. സോജൻ മോശം പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ സർവീസിൽ നിന്ന് പിരിച്ചുവിടാൻ തക്ക ഗുരുതര കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് സംപ്രേഷണം ചെയ്ത സ്വകാര്യ വാർത്താ ചാനലിനെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നും ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |