തിരുവനന്തപുരം: ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിന്നപോലെ നിന്നവർ എന്ന് മാദ്ധ്യമപ്രവർത്തകരെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്‌ണദാസിനെ പിന്തുണച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കൃഷ്‌ണദാസിന്റെ 'പട്ടിപ്രയോഗം', നല്ല വിമർശനമാണെന്നാണ് ഗോവിന്ദന്റെ പ്രതികരണം. നല്ല വിമർശനത്തിന് നല്ല സുന്ദരമായ പദം ഉപയോഗിക്കുന്നതാണ് നല്ലതെന്നും ഗോവിന്ദൻ പരിഹസിച്ചു.
പാർട്ടി അവഗണനയിൽ മനം നൊന്ത് രാജി വയ്‌ക്കുന്നുവെന്ന് പ്രഖ്യാപിച്ച സി.പി.എം പാലക്കാട് ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറിനെ അനുനയിപ്പിച്ച് കൊണ്ടുവന്നപ്പോഴായിരുന്നു മാദ്ധ്യമപ്രവർത്തകരോടുള്ള കൃഷ്‌ണദാസിന്റെ അധിക്ഷേപം. ഷുക്കൂറിന് ഒന്നും പറയാനില്ല. ഷുക്കൂറിനുള്ളത് താൻ പറഞ്ഞോളാം എന്നായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം. സി.പി.എമ്മിൽ പൊട്ടിത്തെറിയെന്ന് വാർത്ത കൊടുത്തവരും,രാവിലെ മുതൽ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്ന പോലെ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തണമെന്നും കൃഷ്ണദാസ് പറഞ്ഞു.
ജില്ലാകമ്മിറ്റിയിലെ പൊട്ടിത്തെറിയെ തുടർന്ന് പാർട്ടി വിടുമെന്ന് പറഞ്ഞ അബ്ദുൾ ഷൂക്കൂറിന്റെ വീട്ടിൽ നേരത്തെ കൃഷ്ണദാസ് എത്തിയെങ്കിലും ഷുക്കൂർ അവിടെ ഉണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ച മാദ്ധ്യമപ്രവർത്തരേയും അദ്ദേഹം അധിക്ഷേപിച്ചു.
അതേസമയം, 'പട്ടി പരാമർശത്തിൽ' ഉറച്ച് നിൽക്കുകയാണ് എൻഎൻ കൃഷ്ണദാസ്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചത് ബോധപൂർവമാണ്. തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രതികരിച്ചത്. അബദ്ധത്തിൽ പറഞ്ഞതല്ല. മറ്റ് രാഷ്ട്രീയ പാർട്ടിക്കാരെയും മാദ്ധ്യമങ്ങളെയും ഉദ്ദേശിച്ച് തന്നെയാണ് അത്തരമൊരു പരാമർശം നടത്തിയത്. അബ്ദുൾ ഷുക്കൂറിന്റെ പിണക്കം പാർട്ടി പരിഹരിക്കാനാകുന്ന പ്രശ്നം മാത്രമാണ്. എന്നാൽ, അതിന് മാദ്ധ്യമങ്ങൾ അനാവശ്യ പ്രാധാന്യം നൽകിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നതെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു. മാദ്ധ്യമങ്ങളെ മാത്രം ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. ഷുക്കൂറുമായുള്ള ചെറിയ പ്രശ്നത്തിൽ നേട്ടം കണ്ടെത്താൻ ശ്രമിച്ച കോൺഗ്രസിനെയും ബിജെപിയെയും ഉൾപ്പെടെയുള്ള പാർട്ടികളെയും ഉദ്ദേശിച്ചുകൊണ്ടായിരുന്നു പരാമർശമെന്നും എൻഎൻ കൃഷ്ണദാസ് പ്രതികരിച്ചു. കൃഷണദാസിനെ പിന്തുണച്ച് സിപിഎം നേതാക്കളായ എ. വിജയരാഘവൻ, എം. സ്വരാജ് എന്നിവരും രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |