കണ്ണൂർ: ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന 'കാർട്ടൺ" പരസ്യ ബോർഡുകളിൽ അഴിമതി നടത്തിയെന്ന് ആക്ഷേപം. തദ്ദേശസ്ഥാപനങ്ങളിൽ പരസ്യബോർഡ് സ്ഥാപിച്ചതിൽ വൻതുക കാർട്ടൺ കമ്പനി ഈടാക്കിയതായാണ് ആരോപണമുയർന്നിരിക്കുന്നത്.
57,000 രൂപ ചെലവുവരുന്ന പരസ്യബോർഡിന് കാർട്ടൺ മൂന്നുലക്ഷം രൂപ ഈടാക്കിയെന്ന വിവരമാണ് പുറത്തുവന്നത്. കണ്ണൂരിലെ മിക്ക പഞ്ചായത്തുകളിലെയും കരാറുകൾ എടുത്തിരിക്കുന്നത് കാർട്ടണാണ്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ശേഷം നൽകിയ നിർമ്മാണ കരാറുകളെല്ലാം ഒരു കമ്പനിക്കായിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.
2021 മുതൽ പ്രീ ഫാബ്രിക്കേറ്റ് നിർമ്മാണങ്ങൾ ഒരു കമ്പനിക്കാണ് ലഭിച്ചത്. മൂന്നുവർഷത്തിനിടെ 12 കോടിയിലേറെ രൂപയുടെ കരാറാണ് ഇതിലൂടെ കമ്പനിക്ക് കിട്ടിയത്. പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിന് ശേഷമാണ് കമ്പനി രൂപീകരിച്ചത്. ദിവ്യയുടെ നാടായ ഇരിണാവിലെ മുഹമ്മദ് ആസിഫ് എന്നയാളാണ് കമ്പനിയുടെ എം.ഡി. കമ്പനി രൂപീകരിച്ചതിന് ശേഷമാണ് ഇദ്ദേഹത്തിന് പാർട്ടി അംഗത്വം ലഭിച്ചത്. 2021 ആഗസ്റ്റ് ഒന്നിനാണ് കാർട്ടൺ കമ്പനി രൂപീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |