കൊച്ചി: വിദേശരാജ്യങ്ങളുടെ മാതൃകയില്‍ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസില്‍ വൈകാതെ കൊച്ചിയിലും യാത്രചെയ്യാം. ടൂറിസം സാദ്ധ്യത പരിഗണിച്ച് കൊച്ചിയില്‍ രണ്ട് ഡബിള്‍ ഡെക്കര്‍ ബസ് എത്തിക്കാനുള്ള നടപടികള്‍ കെ.എസ്.ആര്‍.ടി.സി വേഗത്തിലാക്കി. സംസ്ഥാനത്ത് തിരുവനന്തപുരത്ത് മാത്രമേ മുകള്‍ഭാഗം തുറന്ന നിലയിലുള്ള ഡബിള്‍ഡെക്കര്‍ ബസുകളുള്ളൂ. ഇത് വന്‍ വിജയവുമാണ്. ഒരുമാസത്തിനകം ബസുകള്‍ കൊച്ചിയിലും എത്തുമെന്നാണ് വിവരം. എന്നിരുന്നാലും മറ്റുജോലികളെല്ലാം പൂര്‍ത്തിയാക്കി സര്‍വീസ് തുടങ്ങാന്‍ രണ്ട് മാസമെങ്കിലും വേണ്ടിവരും.
കെ.എസ്.ആര്‍.ടി.സിക്ക് ബസുകളുടെ വിവിധ ശ്രേണികളുണ്ടെങ്കിലും സൂപ്പര്‍സ്റ്റാര്‍ ഡബിള്‍ ഡക്കറുകള്‍ പണ്ടേ ഹിറ്റായിരുന്നു. 1969-1975 കാലത്താണ് എറണാകുളം ജില്ലയില്‍ ഡബിള്‍ ഡെക്കര്‍ സര്‍വീസ് ആരംഭിക്കുന്നത്. വെല്ലിംഗ്ടണ്‍ ഐലന്‍ഡ് മുതല്‍ പാലാരിവട്ടം വരെയായിരുന്നു സര്‍വീസ്. അന്നും ഹിറ്റായിരുന്നു സംഭവം. സ്പെയര്‍ പാര്‍ട്സുകള്‍ കിട്ടാതായതോടെ സര്‍വീസ് അവസാനിപ്പിച്ചു. 2010 മുതലാണ് അശോക് ലെയ്ലാന്‍ഡുമായി സഹകരിച്ച് സര്‍വീസ് പുനരാരംഭിച്ചത്.
നിലവില്‍ സംസ്ഥാനത്ത് പഴയ മോഡലില്‍ ആകെ മൂന്ന് ഡബിള്‍ ഡക്കറുകളേ കെ.എസ്.ആര്‍.ടി.സിക്കുള്ളൂ. അങ്കമാലി ഡിപ്പോയുടെ അഹങ്കാരമാണ് അതിലൊന്ന്. മറ്റ് രണ്ടെണ്ണം തിരുവനന്തപുരത്തും. അങ്കമാലിയില്‍ നിന്ന് വൈറ്റിലയ്ക്കും അവിടെ നിന്ന് തോപ്പുംപടിക്കുമായിരുന്നു സര്‍വീസ്. ഉയരപ്രശ്നം കാരണം നഗരത്തില്‍ കയറില്ല. ലോക്ക്ഡൗണിന് ശേഷം ബസിന്റെ സര്‍വീസ് പുനരാരംഭിക്കാന്‍ വൈകിയതില്‍ ജനകീയ പ്രതിഷേധം വരെയുണ്ടായിരുന്നു.
സായാഹ്ന സവാരി
വൈകിട്ട് എം.ജി റോഡില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്കാണ് സര്‍വീസ് പരിഗണിക്കുന്നത്. മുകള്‍ ഭാഗം തുറന്നിരിക്കുന്നതിനാല്‍ സാധാരണ ഡബിള്‍ഡക്കറിന്റെ ഉയരമുണ്ടാകില്ല.
റോഡിലെ തടസങ്ങളും മറ്റു ബുദ്ധിമുട്ടുകളും മനസ്സിലാക്കാന്‍
ചില രാത്രികളില്‍ നഗരത്തില്‍ ഇതിന്റെ പരീക്ഷണ ഓട്ടം കെ.എസ്.ആര്‍.ടി.സി നടത്തുന്നുണ്ട്.
1. ഇരുനിലകളിലുമായി 65 സീറ്റുകളുള്ള ബസുകളാകും എത്തിക്കുക.
2. കൊച്ചിയിലെ നിരക്ക് പിന്നീട് തീരുമാനിക്കും
തിരുവനന്തപുരത്തെ ഓപ്പണ്‍ ഡബിള്‍ഡക്കര്‍
1. 65 സീറ്റുകള്‍
2. താഴത്തെ നിലയില്‍ നൂറ് രൂപയും അപ്പര്‍ ഡക്കില്‍ 200 രൂപയും നിരക്ക്.
ബസുകള്‍ വൈകാതെ എത്തുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ മറ്റുജോലികളെല്ലാം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം വേണ്ടിവരും - ഡി.ടി.ഒ, എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |