കണ്ണൂർ: പതിനഞ്ച് ദിവസം നീണ്ട പി.പി.ദിവ്യയുടെ ഒളിവ് ജീവിതത്തിന് കാവലൊരുക്കിയ പൊലീസ് കസ്റ്റഡിയെടുക്കുമ്പോഴും വിധേയത്വവും നാടകവും ആവർത്തിച്ചു.
റോഡിൽ വച്ച് കീഴടങ്ങാൻ അവസരം ഒരുക്കിയതോടെ ഒളിവ് സങ്കേതം പുറത്തറിയാതിരിക്കാൻ പാർട്ടിയും പൊലീസും ജാഗ്രത കാട്ടിയെന്നാണ് ആരോപണം.മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ പൊലീസ് ദിവ്യയുടെ വീട് സ്ഥിതി ചെയ്യുന്ന ഇരിണാവിലേക്ക് പുറപ്പെടുകയായിരുന്നു. രണ്ടാഴ്ചയായി വീട് അടഞ്ഞുകിടക്കുകയാണെന്ന് അറിഞ്ഞിട്ടാണ് പൊലീസ് ഈ നാടകം കളിച്ചത് . വീട്ടിൽ പൊലീസെത്തിയ സമയത്ത് ദിവ്യ ഒളിയിടമായ പയ്യന്നൂരിലെ പാർട്ടി കോട്ടയിൽ നിന്ന് കണ്ണൂരിലേക്ക് യാത്ര തുടങ്ങി. കണ്ണപുരമെത്തിയപ്പോൾ മുൻകൂട്ടി കിട്ടിയ നിർദേശം അനുസരിച്ച് പൊലീസ് വച്ച് കാർ തടഞ്ഞു. ഒളിച്ചോടുകയല്ലെന്നും കീഴടങ്ങാൻ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയാണെന്നും ദിവ്യ വ്യക്തമാക്കി. ഇതോടെ ദിവ്യയ്ക്ക് കീഴടങ്ങലും പൊലീസിന് കസ്റ്റഡിയിലെടുക്കലും ഒരുപോലെ അവകാശപ്പെടാനായി.
സി.പി.എമ്മും പൊലീസും തമ്മിലുള്ള ധാരണപ്രകാരമാണ് കണ്ണപുരത്തെത്തി കീഴടങ്ങൽ നാടകം ഒരുക്കിയതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
കസ്റ്റഡിയെടുത്തത് മുതൽ മാദ്ധ്യമങ്ങളുടെ കണ്ണിൽപെടാതിരിക്കാൻ പൊലീസ് നന്നായി പരിശ്രമിച്ചു. പിൻവാതിലിലുടെ ദിവ്യയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതടക്കം വലിയ കരുതലാണ് പൊലീസ് കാട്ടിയത്.
ദിവ്യ കസ്റ്റഡിയിലായതോടെ അന്വേഷണ സംഘത്തലവനായ സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ മാദ്ധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായി. ഇതുവരെ ഒരു ചോദ്യത്തിനും കൃത്യമായി ഉത്തരം നൽകാതിരുന്ന കമ്മിഷണർ ദിവ്യയെ ഉടൻ തന്റെ ഓഫീസിലെത്തിക്കുമെന്ന് മാത്രം പറഞ്ഞു. അതോടെ മാദ്ധ്യമങ്ങൾ അവിടെ തമ്പടിച്ചു. എന്നാൽ പൊലീസ് ദിവ്യയെ എത്തിച്ചത് ഈ കേസിന്റെ അന്വേഷണവുമായി ബന്ധമില്ലാത്ത ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു. ദിവ്യയുടെ ചിത്രങ്ങളോ വിഡിയോ ദൃശ്യങ്ങളോ പുറത്തു പോകരുതെന്ന കരുതലിലായിരുന്നു പൊലീസ്.
അറസ്റ്റ് പരമാവധി
വൈകിപ്പിച്ചു
നവീൻബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിൽ പോയതു മുതൽ ദിവ്യയുടെ നീക്കങ്ങൾ പൊലീസിന് അറിയാമായിരുന്നു. എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തപ്പോൾ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നിട്ടും പൊലീസ് പാർട്ടി തീരുമാനത്തിന് കാത്തു. കോടതി തീരുമാനം വരെ കാത്തുനിൽക്കാനായിരുന്നു പാർട്ടി നിർദ്ദേശം. ചോദ്യം ചെയ്യാൻ വിളിച്ചാൽ അറസ്റ്റ് അനിവാര്യമാകുമെന്നതിനാൽ പൊലീസ് അതിനും മുതിർന്നില്ല.അന്വേഷണസംഘത്തിന്റെ നിരന്തര നിരീക്ഷണത്തിൽ ഇക്കാലയളവിലെല്ലാം ദിവ്യയുണ്ടായിരുന്നുവെന്ന് കമ്മിഷണർ തന്നെ അവകാശപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |