തിരുവനന്തപുരം: വിഴിഞ്ഞ തുറമുഖം ട്രയൽ റണ്ണിൽത്തന്നെ സംസ്ഥാന ഖജനാവിൽ കോടികളെത്തിച്ചു. ജൂലായ് 11ന് ട്രയൽ തുടങ്ങിയ ശേഷമെത്തിയത് 35 കപ്പലുകൾ. 80,000 കണ്ടെയ്നർ ഇറക്കി. നികുതി വരുമാനം ഏഴു കോടി. ഇതുപോലെ തുക കേന്ദ്രത്തിനും കിട്ടി.
ഡിസംബറിൽ ആദ്യഘട്ടം കമ്മിഷൻ ചെയ്യും. വർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാവും. 2028ൽ തുറമുഖം പൂർണതോതിലാവുമ്പോൾ ശേഷി 30 ലക്ഷമാവും. അതോടെ പ്രതിവർഷം കുറഞ്ഞത് 500 കോടി വീതം കിട്ടും.
ചരക്ക് ലോഡിംഗ്, അൺലോഡിംഗ്. കപ്പലുകൾക്ക് നൽകുന്ന മറ്റു സേവനങ്ങൾ. ഇന്ധനം നിറയ്ക്കുമ്പോൾ ഒക്കെ നികുതി ലഭിക്കും. ഒരു മദർഷിപ്പ് വന്നുപോവുമ്പോൾ ഒരു കോടി രൂപയെങ്കിലും നികുതി വരുമാനം പ്രതീക്ഷിക്കുന്നു.
തുറമുഖ വരുമാനത്തിന്റെ 18 ശതമാനമാണ് ജി.എസ്.ടി ചുമത്തുന്നത്. ഇത് സംസ്ഥാനവും കേന്ദ്രവും തുല്യമായി വീതിക്കും. തുറമുഖത്ത് ക്രെയിനുകളെത്തിച്ചതിന് 30 കോടിയായിരുന്നു ജി.എസ്.ടി.
കമ്മിഷൻ ചെയ്ത് പത്തു വർഷത്തിനു ശേഷം (2034മുതൽ) ആകെ വരുമാനത്തിന്റെ ഒരു ശതമാനം സർക്കാരിന് കിട്ടും. ഇത് ഓരോവർഷവും ഒരു ശതമാനം വീതം കൂടും. പരമാവധി 25 ശതമാനം 40 വർഷം വരെ ഈ വരുമാനം കിട്ടും. 65 വർഷം തുറമുഖനടത്തിപ്പ് അദാനിക്കാണ്.
പൂർണതോതിൽ
17 വർഷം നേരത്തേ
തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമ്മാണം 2028 ഡിസംബറിൽ പൂർത്തിയാക്കും. കരാർപ്രകാരം 2045ലാണ് പൂർത്തിയാവേണ്ടിയിരുന്നത്. നിശ്ചയിച്ചതിലും 17വർഷം മുൻപ് പ്രവർത്തനം പൂർണതോതിൽ ആവുന്നതോടെ 10,000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇരട്ടിയാക്കാൻ വിവിധ വാണിജ്യ, വ്യാവസായിക പദ്ധതികൾ തയ്യാറാക്കുന്നുണ്ട്.
5, 500 പേർക്ക്
തൊഴിൽ
1 തുറമുഖത്ത് 5, 500 നേരിട്ടുള്ള തൊഴിലവസരം സൃഷ്ടിക്കപ്പെടും. തുറമുഖാധിഷ്ഠിത വ്യവസായ ഇടനാഴികളും ക്ലസ്റ്ററുകളും വരും
2 വ്യവസായ ശാലകൾ, റിന്യൂവബിൾ എനർജി പാർക്ക്, ഗ്രീൻ ഹൈഡ്രജൻ ഹബ്, സീ ഫുഡ്, അഗ്രികൾച്ചർ പാർക്ക്, വെയർഹൗസുകൾ
3 നൈപുണ്യപരിശീലന കേന്ദ്രങ്ങൾ. ലോജിസ്റ്റിക്സ് കോഴ്സ് തുടങ്ങിക്കഴിഞ്ഞു. എൻജിനിയറിംഗ്, ഡിപ്ലോമക്കാർക്കാവും കൂടുതൽ അവസരം
50 ശതമാനം തദ്ദേശിയർക്ക് തൊഴിലവസരം ലഭിക്കണമെന്നാണ് നിർദേശം. ഇപ്പോഴുള്ള തൊഴിലാളികളിൽ 56 ശതമാനവും ഇവിടത്തുകാരാണ്
- വി.എൻ.വാസവൻ,
തുറമുഖ മന്ത്രി
₹ 5000കോടി
സംസ്ഥാനം ആവശ്യപ്പെടുന്ന അടിയന്തര കേന്ദ്രപാക്കേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |