തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ പണം നേടാമെന്നും ഇരട്ടിയാക്കി നൽകാമെന്നും വിശ്വസിപ്പിച്ച് മണക്കാട് സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ വിദേശ പൗരനടക്കം 3 പേരെ ഫോർട്ട് പൊലീസ് പിടികൂടി. വിയറ്റ്നാം സ്വദേശി ലേക്വാക് ട്രോംഗ്, തമിഴ്നാട് സ്വദേശികളായ കണ്ണൻ, മനോജ് കുമാർ എന്നിവരെയാണ് ഹൈദരാബാദിൽ നിന്ന് പിടികൂടിയത്. സമൂഹമാദ്ധ്യമങ്ങളിലെ സിനിമകളുടെ പരസ്യങ്ങളിൽ ലൈക്കും ഷെയറും ചെയ്യുന്നതിന് പണം ലഭിക്കുമെന്നും പണം ടെലഗ്രാം ആപ്പിലൂടെ ഇരട്ടിപ്പിച്ച് നൽകാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫോർട്ട് പൊലീസ് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ പ്രശാന്ത്,എസ്.സി.പി.ഒമാരായ ശ്രീജിത്ത്,ലിപിൻരാജ് എന്നിവരടങ്ങിയ സംഘമാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തിയത്. പ്രതികൾ സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ കണ്ടെത്തിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |