സംസ്ഥാനത്ത് വ്യവസായരംഗത്ത് നടപ്പാക്കിയ പ്രവർത്തനങ്ങളുടെയും പരിഷ്കാരങ്ങളുടെയും ഫലമാണ് ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ രാജ്യത്ത് ഒന്നാമതെത്തിയതിലൂടെ പ്രതിഫലിച്ചത്. ഏതൊരാൾക്കും സംസ്ഥാനത്ത് 50 കോടിയുടേതുവരെയുള്ള നിക്ഷേപത്തിൽ വ്യവസായം ആരംഭിക്കുന്നതിന് ഒരു മിനിറ്റിനുള്ളിൽ തന്നെ അനുമതി ലഭിക്കുന്ന തരത്തിൽ സംവിധാനങ്ങൾ മെച്ചപ്പെട്ടു. വലിയ ഇൻഡസ്ട്രികളാണെങ്കിൽ ഏഴ് ദിവസത്തെ കോമ്പോസിറ്റ് ലൈസൻസ് ലഭിക്കും. അത്തരത്തിൽ നിരവധി വ്യവസായ സ്ഥാപനങ്ങൾ എല്ലാ ജില്ലകളിലും പുതുതായി ഉണ്ടാകുന്നുണ്ട്.
വ്യവസായ ഭൂപടത്തിൽ പേരുപോലും പറയാത്ത കാസർകോട് ജില്ലയിൽ ഇപ്പോൾ പ്രവർത്തനം തുടങ്ങുന്നത് 13ഓളം സ്ഥാപനങ്ങളാണ്. ലോകത്തിലെ എൻജിനിയറിംഗ് സർവീസിൽ മികച്ച സ്ഥാപനങ്ങളിലൊന്നായ എച്ച്.സി.എല്ലിന്റെ പുതിയ ക്യാമ്പസ് കൊച്ചിയിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. വ്യവസായ സൗഹൃദമായ ഒരു അന്തരീക്ഷം കേരളത്തിൽ സംജാതമായതിന്റെ തെളിവാണ് ഇതെല്ലാം.
വലിയ മുന്നേറ്റത്തിന്റെ തെളിവ്
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുതന്നെ കുറേയേറെ പ്രവർത്തനങ്ങൾ തുടക്കമിട്ടിരുന്നു. എന്നാൽ, അവയൊന്നും ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ പ്രതിഫലിച്ചില്ല. വ്യവസായ സൗഹൃദ അന്തരീക്ഷമൊരുക്കുന്നതിലുള്ള ഫീഡ്ബാക്കുകളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. ഇപ്പോൾ സംരംഭക സമൂഹവുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തുകയും അവരുടെ പ്രശ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ കേൾക്കുകയും അതിനനുസൃതമായി നിയമങ്ങളിലും ചട്ടങ്ങളിലും വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്തു.
കേരളത്തിന് അനുയോജ്യമായ സംരംഭങ്ങൾ ഏതെല്ലാമെന്ന് വിലയിരുത്തി 22 മുൻഗണന മേഖലകൾ നിശ്ചയിച്ചു. ഒപ്പം ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് പ്രാധാന്യം നൽകി. അങ്ങനെ സംരംഭക വർഷം എന്ന പരിപാടി ആരംഭിച്ചു. അത് രണ്ടര വർഷം പിന്നിടുമ്പോൾ ഏകദേശം 3.25 ലക്ഷം തൊഴിലധിഷ്ടിത സ്ഥാപനങ്ങൾ പുതുതായി രൂപീകരിക്കാൻ കഴിഞ്ഞു. അതിൽത്തന്നെ ഒരു ലക്ഷത്തിലധികം വനിതാ സംരംഭകരാണ് പുതുതായി വന്നിട്ടുള്ളത്. ഇപ്പോൾ നാലു ലക്ഷത്തിലധികം വനിതാ സംരംഭകർ സംസ്ഥാനത്തുണ്ട്.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്ര്
അടുത്തവർഷം ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്ര് നടത്തുന്നുണ്ട്. അതിന് മുന്നോടിയായി കോൺക്ലേവുകൾ, റൗണ്ട് ടേബിൾ കോൺഫറൻസുകൾ, റോഡ് ഷോ എന്നി മൂന്ന് തരത്തിലുള്ള പരിപാടികൾക്കും തുടക്കമിട്ടിട്ടുണ്ട്. ഐ.ബി.എമ്മുമായി ചേർന്ന് ജെൻ എ.ഐ കോൺക്ലേവ് കൊച്ചിയിൽ നടത്തി. റോബോർട്ടിക്, ലോജിസ്റ്റിക് മാരിടൈം, ലൈഫ് സയൻസ്, ഫുഡ് പ്രോസസിംഗ് എന്നി മേഖലകളിലുള്ള റൗണ്ട് ടേബിൾ കോൺഫറൻസുകൾ പൂർത്തിയാക്കി. ആറ് റൗണ്ട് ടേബിൾ കോൺഫറൻസ് കൂടി നടക്കാനുണ്ട്. ചെന്നൈ, ബംഗളൂരു റോഡ് ഷോ കഴിഞ്ഞു. ഡിസംബർ 5ന് മുംബയിലും 6ന് ഡൽഹിയിലും റോഡ് ഷോ നടക്കും. ഇതിലൂടെ കേരളത്തെ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമാക്കുന്നത്. അതിലൂടെ വലിയൊരു അളവിൽ കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാൻ കഴിയും. നമ്മുടെ നാട്ടിലുള്ളവർക്ക് ഇവിടെത്തന്നെ ജോലി ചെയ്യാൻ കഴിയുന്ന സ്ഥാപനങ്ങൾ ഇതിലൂടെ കേരളത്തിൽ സ്ഥാപിതമാകും.
ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഒന്നാമതെത്തിയതോടെ കേരളത്തിനെതിരായ നെഗറ്റീവ് സമീപനത്തിൽ സംരംഭക സമൂഹത്തിനിടയിലുണ്ടായിരുന്ന ചിന്താഗതി മാറിയെന്നുവേണം കണക്കാക്കാൻ. എന്നാൽ, മാദ്ധ്യമങ്ങളും പൊതുസമൂഹവും അത് സംബന്ധിച്ച് വേണ്ടത്ര പ്രചാരം നൽകുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. എല്ലാവരും ഒന്നിച്ചുനിന്നാൽ ഇക്കാര്യത്തിൽ കുറേക്കൂടി മുന്നോട്ടുപോകാനാകും.
മാറിയ സൗഹൃദ അന്തരീക്ഷം
ഭാരത് ബയോടെക്കിന്റെ ചെയർമാനായ കൃഷ്ണ ഇലാ തന്റെ അനുഭവം പങ്കുവെച്ചത്, കേരളത്തിലെ തങ്ങളുടെ പുതിയ സംരംഭത്തിന് അനുമതി ലഭിച്ചത് ഏഴ് ദിവസം കൊണ്ടാണെന്നാണ്. 50 കോടിയിൽ താഴെയുള്ള മുതൽ മുടക്കിൽ വിപ്രോയുടെ ഒരു സ്ഥാപനം തൊടുപുഴയിൽ പ്രവർത്തനം തുടങ്ങുന്നതിനുള്ള ലൈസൻസ് നൽകിയത് ഒരു മിനിട്ടിനിടയിലെ നടപടികൾകൊണ്ടാണ്. ചെറിയ പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും കേരളം നിക്ഷേപ സൗഹൃദമാണെന്നത് ഇത്തരം അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ, ചെറിയ സംഭവങ്ങൾ പർവതീകരിക്കുന്നതാണ് നെഗറ്റീവ് സമീപനം ചില ഭാഗങ്ങളിൽ നിന്ന് ഇപ്പോഴും തുടരാനിടയാക്കുന്നത്. അടച്ചുപൂട്ടുന്നതോ പ്രതിസന്ധിയിലാകുന്നതോ ആയ കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകളല്ലാതെ പുതുതായി തുറക്കുന്നവയെ കുറിച്ച് ചർച്ചചെയ്യാൻ ആരും തയ്യാറാവുകയില്ല.
ഒരോ ദിവസവും ഓരോ കമ്പനികൾ കേരളത്തിൽ പുതുതായി ആരംഭിക്കുന്നുണ്ട്. വിഴിഞ്ഞത്ത് ഇന്റർനാഷണൽ കണ്ടെയ്നർ ടെർമിനലും പാലക്കാട് മാനുഫാക്ചറിംഗ് സ്മാർട്ട് സിറ്റിയും വരുന്നതോടെ വലിയ സാദ്ധ്യതകളാണ് തുറക്കുന്നത്. 15 വർഷത്തിനുള്ളിൽ ഹൈടെക് മാനുഫാക്ചറിംഗിന്റെയും നോളജ് ഇൻഡസ്ട്രിയുടെയും ഒരു വലിയ ഹബ്ബായി കേരളം മാറും. അതിനു പറ്റിയ ഒരു അന്തരീക്ഷം ഇപ്പോൾ കേരളത്തിലുണ്ടായിട്ടുണ്ട്.
വാഗ്ദ്ധാനങ്ങളുടെ
പാലനം
2026നുള്ളിൽ ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഒന്നാമതെത്തുമെന്നാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്. 2022 കഴിഞ്ഞപ്പോൾ തന്നെ അതിലേക്കെത്താനായി. പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന സംരംഭങ്ങൾ, തൊഴിലവസരങ്ങൾ എന്ന വാഗ്ദ്ധാനത്തിൽ സാധാരണ രീതിയിലുള്ള പ്രകടനത്തിന് അപ്പുറത്തേക്ക് എത്താനായി. ഇത് ശക്തിപ്പെടുത്തുകയും ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് മീറ്റ് കഴിയുകയും ചെയ്യുമ്പോൾ കേരളത്തിൽ വലിയ മാറ്റമുണ്ടാക്കും. കൂടുതൽ സ്ഥാപനങ്ങൾ എത്തുന്നതോടെ കേരളം വിട്ടുപോയവർ അടക്കമുള്ളവരുടെ തിരിച്ചൊഴുക്കാവും ഉണ്ടാവുക. ഇപ്പോൾ തന്നെ മറ്റ് സംസ്ഥാനത്തുള്ളവർ ഇവിടെ വന്ന് ജോലി ചെയ്യുകയാണ്. അതിലൂടെ കേരളത്തിൽ നിൽക്കേണ്ട സമ്പത്ത് പുറത്തേക്കാണ് പോകുന്നത്. പുതിയ സ്ഥാപനങ്ങളെത്തുകയും അതിൽ കേരളത്തിലുള്ളവർ തന്നെ ജോലിയെടുക്കുകയും ചെയ്താൽ നമ്മുടെ സമ്പദ്ഘടന കൂടുതൽ ഉത്തേജനമുണ്ടാക്കും.
1000 കമ്പനികൾ ശരാശരി നൂറ് കോടി ടേണോവറാക്കുന്നതിനുള്ള 'മിഷൻ തൗസന്റ്' നടപ്പാക്കുന്നുണ്ട്. അതോടെ ഇവ ഒരു ലക്ഷം കോടി ടേണോവറുള്ള കമ്പനികളായി മാറും. ഒരു വർഷത്തിനുള്ളിൽ 30 പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കിന് അനുമതി കൊടുത്തിട്ടുണ്ട്. 80ഓളം ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിനുള്ള താത്പര്യപത്രം ലഭിച്ചുകഴിഞ്ഞു. ഒരോ പഞ്ചായത്തിലും ഓരോ ഇൻഡസ്ട്രിയൽ പാർക്ക്, വീടുകൾ എങ്ങനെ സംരംഭമാക്കാൻ കഴിയും എന്നിവയെ കുറിച്ചും ആലോചിച്ചുതുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ നാല്- അഞ്ച് വർഷത്തിനിടെ വലിയ രൂപാന്തരണം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നിക്ഷേപം തുടങ്ങി ഉത്പാദനത്തിലേക്ക് എത്തുന്ന 255 കമ്പനികൾ 12,000 കോടിയോളം നിക്ഷേപിച്ചിട്ടുണ്ട്. ചെറുകിട, ഇടത്തരം കമ്പനികൾ വഴിയായി 20,000 കോടിയും വലിയ കമ്പനികളിൽ നിന്ന് 40,000 കോടിയും നിക്ഷേപമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |