
കൊച്ചി: തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളെ കബളിപ്പിക്കാൻ നടത്തിയ കാപട്യമായിരുന്നു ടൗൺഷിപ്പ് ഉദ്ഘാടനമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. വയനാട്ടിൽ എന്തൊരു കാപട്യമാണ് സർക്കാർ കാട്ടിയത്? പണി പൂർത്തിയാകുന്നതിന് മുൻപാണ് മുഖ്യമന്ത്രി വീടുകൾ ഉദ്ഘാടനം ചെയ്തത്. വെള്ളവും വൈദ്യുതിയും ഉൾപ്പെടെ ഒന്നും അവിടെയില്ല. നിർമ്മിച്ച വീടുകളിൽ ചോർച്ചയാണ്. ചോർച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല. ചോർച്ച പരിശോധിക്കേണ്ടത് എൻജിനീയർമാരാണ്. മന്ത്രി മേശയുടെ പുറത്ത് കയറി എന്ത് നാടകമാണ് കളിച്ചതെന്ന് വിഡി സതീശൻ ചോദിച്ചു.
'വിള്ളലാണോ പെൻസിൽ മാർക്കാണോ എന്ന് പരിശോധിക്കുന്നത് മന്ത്രിയാണോ? മന്ത്രിക്ക് ഇതുമായി എന്ത് ബന്ധമാണുള്ളത്? രാഹുൽ ഗാന്ധി കല്ലിട്ടിട്ട് പിറ്റേ ദിവസം പണി തുടങ്ങിയില്ലെന്നതാണ് ഞങ്ങൾക്കെതിരായ ആരോപണം. അതേസമയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വീടുകളിൽ ആർക്കും ഇതുവരെ താമസിക്കാനായിട്ടില്ലല്ലോ. ആളുകളെ താമസിപ്പിക്കാനുള്ള സ്ഥിതിയിലേക്ക് വീട് നിർമ്മാണം എത്തിയിട്ടില്ല.
തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളെ കബളിപ്പിക്കാൻ നടത്തിയ കാപട്യമായിരുന്നു ഉദ്ഘാടനം. പണി പൂർത്തിയായിരുന്നെങ്കിൽ പിറ്റേ ദിവസം താക്കോൽ നൽകുമായിരുന്നു. പണി പൂർത്തിയാകാതെ ഉദ്ഘാടനം നടത്തി, തിരഞ്ഞെടുപ്പ് കാലത്ത് അത് ആഘോഷിച്ച് കേരളം മുഴുവൻ ആയിരക്കണക്കിന് ബോർഡുകൾ വച്ചു. ഗുരുതരമായ ക്രമക്കേടുകളാണ് നിർമ്മാണവുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്നത്. ഇതിനൊക്കെ മറുപടി പറയേണ്ടി വരും. കാലം ഇതിനൊക്കെ കണക്ക് ചോദിക്കും. തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ തെറ്റായ പ്രചരണങ്ങൾ ഓരോന്നായി പുറത്തുവരികയാണ്. ഇനിയും നിരവധി കാര്യങ്ങൾ പുറത്തു വരാനുണ്ട്.
ശബരിമല സ്വർണക്കൊള്ള കേസ് എങ്ങും എത്താതെ അവസാനിക്കുമെന്ന് ഇതേ വിഷയം ഉയർത്തി നിയമസഭ സ്തംഭിപ്പിച്ചപ്പോൾ പ്രതിപക്ഷം പറഞ്ഞതാണ്. ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ച പ്രതികൾക്ക് കുറ്റപത്രം സമർപ്പിക്കാതെ സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്കു മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തി. മുഴുവൻ പ്രതികളും പുറത്തിറങ്ങി തെളിവുകൾ നശിപ്പിച്ച് കേസ് തന്നെ ഇല്ലാതാകുമെന്ന് അന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവ് കോടതിക്ക് എതിരെ സംസാരിക്കുന്നു എന്നാണ് കുറ്റപ്പെടുത്തിയത്. ഓരോ മലയാളികളുടെയും ഉത്കണ്ഠയാണ് പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാൻ അന്ന് പങ്കുവച്ചത്. പിണറായി വിജയന്റെ സർക്കാരും സി.പി.എമ്മും ബന്ധപ്പെട്ട ഒരു കേസിലും ഇ.ഡി അന്വേഷണം നടത്തില്ല. അത്തരത്തിൽ ഏത് കേസാണ് കേരളത്തിൽ അന്വേഷിച്ചിട്ടുള്ളത്? എസ്.എഫ്.ഐ.ഒ അന്വേഷിക്കുമെന്ന് പറഞ്ഞ കേസും മുഖ്യമന്ത്രിയുടെ മകന് ഇ.ഡി അയച്ച സമൻസും എവിടെ പോയി?
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കരുവന്നൂരിൽ ഇ.ഡി പിടിമുറുക്കുന്നു എന്ന് മാധ്യമങ്ങൾ പറഞ്ഞപ്പോൾ, പിടിമുറുക്കിയത് സി.പി.എം നേതാക്കളുടെ കഴുത്തിലാണെന്ന് ഞാൻ പറഞ്ഞിരുന്നതാണ്. സി.പി.എം നേതാക്കളെല്ലാം ചേർന്ന് ബി.ജെ.പി സ്ഥാനാർത്ഥിയെ ജയിപ്പിച്ചതോടെ കഴുത്തിലെ പിടി അയഞ്ഞു. ശബരിമല കേസിലും വയനാട്ടിലും പ്രതിപക്ഷം പറഞ്ഞതു തന്നെയാണ് സംഭവിച്ചത്. ഞങ്ങൾ ഒരു നുണയും പറഞ്ഞിട്ടില്ല. നുണ പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചത് സി.പി.എമ്മാണ്. അത് ഒന്നൊന്നായി പുറത്തുവരും'- വിഡി സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |