ജാമ്യഹർജി 5ന് പരിഗണിക്കും
കണ്ണൂർ: എ.ഡി.എം. നവീൻബാബുവിനെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചെന്ന കേസിൽ പി.പി.ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വീണ്ടും
വനിതാ ജയിലിലേക്ക് മാറ്റി. അതേസമയം ദിവ്യയുടെ ജാമ്യഹർജി ചൊവ്വാഴ്ച തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.
കൂടുതൽ ചോദ്യം ചെയ്യാൻ രണ്ട് ദിവസത്തെ കസ്റ്റഡി പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇന്നലെ വൈകിട്ട് 5 വരെ മാത്രമേ കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചുള്ളൂ.
ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് മുൻകൂർ ജാമ്യത്തെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മൊഴിയെടുക്കണമെന്നും ബിനാമി ഇടപാടുകൾ, കളക്ടറുടെ മൊഴി തുടങ്ങി നിരവധി കാര്യങ്ങളിൽ ദിവ്യയിൽ നിന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി കോടതിയെ അറിയിച്ചു. എന്നാൽ, കീഴടങ്ങിയ ദിവസം ദിവ്യയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തത് ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് മുഹമ്മലി ഷഹർഷാദ് ഇന്നലെ അഞ്ച് മണി വരെ മാത്രം കസ്റ്റഡി അനുവദിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം നാലു മണിയോടെ പൊലീസ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി വനിതാ ജയിലിലെത്തിച്ചു.
രാവിലെ 11 മണിയോടെയാണ് ജയിലിൽ നിന്ന് ദിവ്യയെ കോടതിയിലെത്തിച്ചത്. കാലത്ത് തന്നെ വൻ പൊലീസ് പട കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ആദ്യ കേസായി തന്നെ കസ്റ്റഡി അപേക്ഷ പരിഗണിച്ചു. രാവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് കസ്റ്റഡി ആവശ്യപ്പെടാൻ തീരുമാനിച്ചത്.
ദിവ്യയുടെ പുതിയെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്റെ കുടുംബം നേരത്തേ വ്യക്തമാക്കിയിരുന്നു. പൊലീസ് റിപ്പോർട്ട് കോടതിയിലെത്താനാണ് ചൊവ്വാഴ്ച വരെ അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച അഡ്വ.കെ.വിശ്വൻ തന്നെയാണ് പുതിയ ജാമ്യഹർജിയും സമർപ്പിച്ചത്.
പുഞ്ചിരി മായാതെ ദിവ്യ
ദിവ്യയെ രഹസ്യമായാണ് പൊലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. പുറത്തിറങ്ങിയ ദിവ്യയോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും പ്രതികരിച്ചില്ല. പുഞ്ചിരിയോടെയാണ് ഇന്നലെയും ദിവ്യ പൊലീസിനൊപ്പം നടന്നത്. ചുരിദാറായിരുന്നു വേഷം.
കരിക്കുലം കമ്മിറ്റിയിൽ നിന്ന് പുറത്ത്
തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവച്ചതോടെ സംസ്ഥാന കരിക്കുലം കോർ കമ്മിറ്റിയിൽ നിന്നും പി.പി ദിവ്യ പുറത്തായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലാണ് ദിവ്യ കോർ കമ്മിറ്റി അംഗമായത്. സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കുന്നതിനാണ് കോർ കമ്മിറ്റി രൂപീകരിക്കുന്നത്. അത് പൂർത്തിയായിട്ടുണ്ട്. മറ്റു പ്രവർത്തനങ്ങൾ ചെയ്യുന്നത് വിദ്യാഭ്യാസമന്ത്രി അദ്ധ്യക്ഷനായ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയാണ്. സ്റ്റിയറിങ് കമ്മിറ്റിയിൽ ദിവ്യ അംഗമല്ലെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |