തിരുവനന്തപുരം: ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീശ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം.
മൂന്നിടത്ത് ഉപതിരഞ്ഞെടുപ്പ് പ്രചാരണം മുറുകവേയാണ് പുതിയ നീക്കം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.എ.ഡി.ജി.പി മനോജ് എബ്രഹാം അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കും. നേരത്തെ കേസ് അന്വേഷിച്ച കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി രാജുവും അന്വേഷണസംഘത്തിലുണ്ട്. തിരൂർ സതീശന്റെ മൊഴി ഇന്നെടുക്കും.
തുടരന്വേഷണം നടത്താൻഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസാണ് വീണ്ടും അന്വേഷിക്കുന്നത് . കോടതിയുടെ അനുമതിയോടെ സതീശന്റെ മൊഴി രേഖപ്പെടുത്തും. ഇതിനായി പൊലീസ് കോടതിയെ സമീപിക്കും. അന്വേഷണം അപൂർണമാണെന്നു കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചു.
തട്ടിയെടുത്തത് 3.5 കോടി
കാറിൽ കൊണ്ടുപോകുകയായിരുന്ന 3.5 കോടി രൂപ കൊടകര ദേശീയ പാതയിൽവച്ച് ക്രിമിനൽ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബി.ജെ.പി തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ആരോപണം. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 22 പേരെ പ്രതികളാക്കി 2021 ജൂലായ് 23ന് കുറ്റപത്രം നൽകി. പിന്നീട് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധിക കുറ്റപത്രം നൽകി. 1.58 കോടി രൂപ കണ്ടെടുത്തിരുന്നു. 56.64 ലക്ഷം രൂപ മറ്റുള്ളവർക്ക് കൈമാറിയതായും കണ്ടെത്തി.
`ബി.ജെ.പി ഓഫീസിൽ കോടികളുടെ കള്ളപ്പണം എത്തിയെന്നാണ് വെളിപ്പെടുത്തൽ.എല്ലാം നടന്നത് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ്.'
-എം.വി. ഗോവിന്ദൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |