ന്യൂഡൽഹി: വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ പടക്ക വിൽപനയ്‌ക്കും പൊട്ടിക്കലിനും നിരോധനമേർപ്പെടുത്തിയെങ്കിലും പടക്കം പൊട്ടിച്ചുതന്നെ ദീപാവലി ആഘോഷിച്ച് ഡൽഹി. ഇതോടെ, വായു നിലവാര സൂചിക വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. ആനന്ദവിഹാറിൽ സൂചിക 395 ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷമിത് 218 ആയിരുന്നു. രാസപദാർത്ഥങ്ങളടക്കിയ പുകമഞ്ഞ് രൂപപ്പെട്ടു. ശ്വാസകോശ ബുദ്ധിമുട്ടുകൾ നേരിട്ട ഒട്ടേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പല ആശുപത്രികളിലും പ്രത്യേക ക്ലിനിക്കുകൾ തുറന്നിരുന്നു. ഐക്യരാഷ്ട്രസഭ നിഷ്‌കർഷിച്ചിരിക്കുന്ന സുരക്ഷാപരിധിയുടെ 14 മടങ്ങ് അധികമാണ് മലിനീകരണ നിലയെന്നാണ് റിപ്പോർട്ടുകൾ. ഹരിയാനയിലെയും പഞ്ചാബിലെയും പാടം കത്തിക്കൽ, വാഹനങ്ങളിൽ നിന്നുള്ള പുക, കെട്ടിട നിർമ്മാണത്തിലെ അടക്കം പൊടി തുടങ്ങിയവയും മലിനീകരണത്തിന് കാരണങ്ങളാണ്.
രാഷ്ട്രീയപ്പോര് രൂക്ഷം
പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും പ്രതിപക്ഷത്തെ ബി.ജെ.പിയും തമ്മിൽ രാഷ്ട്രീയപ്പോര് രൂക്ഷമായിരിക്കുകയാണ്. മലിനീകരണത്തിന് പടക്കം പൊട്ടിക്കലിനെ കുറ്റപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്‌ത പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളിൽ നിന്നുയരുന്ന പൊടി ഉൾപ്പെടെയാണ് കാരണം. ആരോപണം തള്ളിയ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, മലിനീകരണം നിയന്ത്രിച്ചു നിറുത്താൻ കഴിഞ്ഞുവെന്ന് അവകാശപ്പെട്ടു. വായു നിലവാര സൂചിക ഗുരുതര വിഭാഗത്തിലേക്ക് കടക്കാതെ കാത്ത ഡൽഹി നിവാസികൾക്ക് നന്ദി പറയുന്നു. ഇതു ജനങ്ങളുടെയും വകുപ്പുകളുടെയും കൂട്ടായ ശ്രമങ്ങളുടെ വിജയമാണെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |