ന്യൂഡൽഹി: പത്രികാ സമർപ്പണം പൂർത്തിയായതോടെ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ജെ.എം.എമ്മും മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങി. 13ന് ആദ്യഘട്ടത്തിൽ 43 സീറ്റുകളിലും 20ന് രണ്ടാം ഘട്ടത്തിൽ 38 സീറ്റുകളിലുമാണ് വോട്ടെടുപ്പ്. എൻ.ഡി.എ സീറ്റ് ക്രമീകരണം അനുസരിച്ച്, ബി.ജെ.പി 68, ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എ.ജെ.എസ്.യു) 10 ജെ.ഡി.യു രണ്ട് സീറ്റുകളിലും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ഒരു സീറ്റിലും മത്സരിക്കും. 'ഇന്ത്യ" മുന്നണിയിൽ ജെ.എം.എം 41, കോൺഗ്രസ് 30, ആർ.ജെ.ഡി 6, സി.പി.ഐ (എം-എൽ) 4 എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
ആദ്യഘട്ടത്തിൽ ചമ്പൈ
ആദ്യഘട്ടത്തിൽ 685ഉം രണ്ടാം ഘട്ടത്തിൽ 634ഉം സ്ഥാനാർത്ഥികളുണ്ട്. മുൻ മുഖ്യമന്ത്രി ചമ്പൈ സോറൻ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സറൈകേല, ജെ.എം.എമ്മിന്റെ രാജ്യസഭാംഗമായ മഹുവ മാജിയും ബി.ജെ.പിയുടെ ആറ് തവണ എം.എൽ.എയായ സി.പി.സിംഗും മത്സരിക്കുന്ന റാഞ്ചി, ഒഡീഷ ഗവർണറും മുൻ മുഖ്യമന്ത്രിയുമായ രഘുബർ ദാസിന്റെ മരുമകൾ പൂർണ്ണിമ ദാസ് സാഹു മത്സരിക്കുന്ന ജംഷഡ്പൂർ ഈസ്റ്റ് എന്നിവിടങ്ങളിൽ ആദ്യ ഘട്ടത്തിലാണ് വോട്ടിംഗ്.
മുഖ്യമന്ത്രി ഹേമന്ത് സോറൻ (ബർഹെയ്ത്), ഭാര്യ കലപന സോറൻ (ഗാൻഡെ), സഹോദരൻ ബസന്ത് സോറൻ (ദുംക), ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബാബുലാൽ മറാണ്ടി (ധൻവാർ), എ.ജെ.എസ്.യു പ്രസിഡന്റ് സുധേഷ് മഹാതോ (സില്ലി) എന്നിവരുടെ വിധി രണ്ടാം ഘട്ടത്തിലാണ്.
ജാർഖണ്ഡിൽ 24 ജില്ലകളിലായുള്ള 81 മണ്ഡലങ്ങളിൽ 44 എണ്ണം മാത്രമാണ് ജനറൽ. ബാക്കിയുള്ളവ സംവരണ സീറ്റുകളാണ് (പട്ടികവർഗം: 28 ,പട്ടികജാതി: 9). 2019ലെ തിരഞ്ഞെടുപ്പിൽ ജെ.എം.എം- കോൺഗ്രസ്- ആർ.ജെ.ഡി സഖ്യം 47 സീറ്റുകൾ നേടിയാണ് ഭരണത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |