അടുത്ത വർഷത്തോടെ കണ്ണൂരിന് ഹരിത കാന്തിയേകി സമ്പൂർണ ശുചിത്വ ജില്ലയാക്കാൻ തീവ്രയജ്ഞത്തിന് തുടക്കമായി. വൃത്തിയും വെടിപ്പുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ ഈ ലക്ഷ്യത്തെ പുറംലോകമറിയിക്കാനുള്ള ശ്രമങ്ങൾ പൂർണതയിലേക്ക്. ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ ജില്ലയിൽ തിരഞ്ഞെടുത്തത് എട്ട് കേന്ദ്രങ്ങളാണ്. ചാൽ ബീച്ച് (അഴീക്കോട് പഞ്ചായത്ത്), പുല്ലുപ്പിക്കടവ് (നാറാത്ത്), വയലപ്ര (ചെറുതാഴം), ജബ്ബാർകടവ് (പായം), പാലുകാച്ചി മല (കേളകം), പാലുകാച്ചിപ്പാറ (മാലൂർ), ഏലപീടിക (കണിച്ചാർ), ഏഴരക്കുണ്ട് വെള്ളച്ചാട്ടം (എരുവേശ്ശി) എന്നിവയാണ് തിരഞ്ഞെടുത്ത കേന്ദ്രങ്ങൾ. മാലിന്യസംസ്‌കരണത്തിന് സ്ഥിരം സംവിധാനങ്ങൾ, ശുദ്ധമായ കുടിവെള്ള ലഭ്യത, ജലസ്രോതസുകളുടെ സംരക്ഷണം, ഊർജ്ജ സംരക്ഷണത്തിന് സംവിധാനങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഹരിത ടൂറിസം കേന്ദ്ര പദവി സമ്മാനിക്കുന്നത്. പ്രാദേശിക ജനങ്ങളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും ഉതകുന്ന പദ്ധതികൾ ആരംഭിക്കുന്നതും ഹരിതടൂറിസം പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടും.
സംസ്ഥാനത്ത് നടപ്പാക്കി വരുന്ന മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറ്റുന്നത്. ജില്ലയിലാകെ 59 ടൂറിസ്റ്റ് കേന്ദ്രങ്ങളാണുള്ളത്. ഇവയിൽ പായം പഞ്ചായത്തിലെ പെരുമ്പറമ്പ് ഇക്കോ പാർക്ക് കഴിഞ്ഞ ബർ രണ്ടിന് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. ശ്രമം നടക്കുന്നത്. അടുത്ത മാർച്ച് 30 നകം മറ്റ് കേന്ദ്രങ്ങൾ ഘട്ടം ഘട്ടമായി ഹരിത ടൂറിസം എന്ന ലക്ഷ്യത്തിലെത്തിക്കാനാണ് ലക്ഷ്യം നേടാനാണ് ശ്രമം.
ബസ്റ്റാന്റുകളുടെ
അവസ്ഥാ പഠനം ആരംഭിച്ചു
ശുചിത്വ മാലിന്യ സംസ്‌കരണ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ബസ് സ്റ്റാൻഡുകളിലും പരിശോധന നടന്നു. പയ്യന്നൂർ കെ.എസ്.ആർ.ടി സി ബസ് സ്റ്റാന്റിലെ നടന്ന അവസ്ഥ പഠനം പയ്യന്നൂർ കോളേജിലെ ഗ്രീൻ ബ്രിഗേഡ് ടീമും നാഷണൽ സർവീസ് സ്‌കീം അംഗങ്ങളും ചേർന്നാണ് നടത്തിയത്. സംസ്ഥാനത്ത് തന്നെ ഇത് ആദ്യമായാണ് ബസ് സ്റ്റാന്റുകളുടെ അവസ്ഥാ പഠനം നടത്തുന്നത്. ശുചിത്വ സംവിധാനങ്ങൾ, പോരായ്മകൾ, തുടങ്ങിയ കാര്യങ്ങളാണ് ചോദ്യവലിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളും 33 തദ്ദേശ സർക്കാർ നേതൃത്വത്തിലുള്ള ബസ് സ്റ്റാൻഡുകളുമാണ് ജില്ലയിലുള്ളത്. തയാറാക്കുന്ന അവസ്ഥാ പഠനറിപ്പോർട്ട് ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിനും വകുപ്പുകൾക്കും കൈമാറും.
വിദ്യാലയങ്ങൾക്ക്
നക്ഷത്ര പദവി
ജില്ലയിലെ വിദ്യാലയങ്ങൾക്ക് ഹരിത, ശുചിത്വ പ്രവർത്തനങ്ങൾ പരിഗണിച്ച് നല്കുന്ന നക്ഷത്ര പദവിക്കുള്ള മാർഗരേഖ പുറത്തിറക്കി. സുസ്ഥിരമായ ഹരിത ശുചിത്വ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി ഫൈവ് സ്റ്റാർ വരെ നക്ഷത്ര പദവികളാണ് സമ്മാനിക്കുക. ജില്ലയിലെ 1629 വിദ്യാലയങ്ങളാണ് സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിലായി ഉള്ളത്. 2025 ഡിസംബർ 31നകം ഇത്രയും വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളായി മാറ്റാനുള്ള ശ്രമങ്ങളാണ് ആദ്യഘട്ടത്തിൽ അദ്ധ്യാപക രക്ഷാകർതൃ സമിതികളുടെ സഹായത്തോടെ സംഘടിപ്പിക്കുന്നത്.
ഹരിത വിദ്യാലയപ്രഖ്യാപനം നടത്തുന്ന വിദ്യാലയങ്ങൾ തയാറാക്കുന്ന സ്വയം വിലയിരുത്തൽ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നക്ഷത്ര പദവി സമ്മാനിക്കുന്നത്. 2025 മാർച്ച് 30 നകം സംസ്ഥാനം സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ നടത്തുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ഹരിത വിദ്യാലയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാണ് സർക്കാർ നിർദ്ദേശം.
ഒന്നാം ഘട്ടമായി ഈ മാസത്തിനുള്ളിൽ ജില്ലയിലെ 50 ശതമാനം വിദ്യാലയങ്ങളെങ്കിലും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കണം. രണ്ടാം ഘട്ടത്തിൽ ഡിസംബർ 31നകം അവശേഷിക്കുന്ന വിദ്യാലയങ്ങളെയും ഹരിത വിദ്യാലയമായി പ്രഖ്യാപിക്കണം. ഹരിത വിദ്യാലയ പ്രഖ്യാപനങ്ങൾക്കു ശേഷം ഹരിതവിദ്യാലയ ലക്ഷ്യത്തിലെത്താൻ രീതികളും പരിശോധിച്ചാണ് നക്ഷത്ര പദവി സമ്മാനിക്കുക.
മനോഹരമായ വിദ്യാലയ ക്യാമ്പസും പരിസരങ്ങളും സൃഷ്ടിക്കാൻ അലുമിനി അസോസിയേഷനുകൾ, വ്യത്യസ്ത സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹായ സഹകരണത്തോടെ വിവിധ കർമ്മപരിപാടികൾ തയാറാക്കി നടപ്പിലാക്കുന്നുണ്ടോയെന്ന കാര്യവും നക്ഷത്ര പദവിയുടെ ഭാഗമായി പരിശോധിക്കും. അതത് വിദ്യാലയങ്ങളിലെ മാലിന്യസംസ്‌കരണ മേഖലയിലെയും ഹരിതാവസ്ഥയുടെയും പ്രയാസങ്ങളും പിന്നോക്കാവസ്ഥയും പി.ടി.എ പ്രത്യേകം യോഗം ചേർന്ന് വിടവുകൾ (ഗ്യാപ്) കണ്ടെത്തുകയും ആയവ പ്രാദേശിക വിദ്യാഭ്യാസ സമിതിക്ക് (പി.ഇ. സി ) കൈമാറുകയും ചെയ്യണം.
ജനകീയമാക്കാൻ
ഗ്രീൻ ബ്രിഗേഡ്
ജില്ലയിലെ എല്ലാ കോളേജുകളിലേക്കും ഗ്രീൻ ബ്രിഗേഡ് പ്രവർത്തനം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗ്രീൻ ബ്രിഗേഡുകളുടെ നേതൃത്വത്തിൽ എൽ.പി, യു. പി. സ്‌കൂളിൽ ശുചിത്വോത്സവം സംഘടിപ്പിക്കും. കോളേജു ക്യാമ്പസിനകത്ത് വിവിധ മിഷനുകൾ, സംഘടനകൾ, വകുപ്പുകൾ തുടങ്ങിയവയുടെ സഹകരണത്തോടെ പച്ചത്തുരുത്ത്, മിയാവാക്കി ഔഷധത്തോട്ടം തുടങ്ങിയവ സ്ഥാപിക്കും. നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങളുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്ക് തേനീച്ച വളർത്തലിൽ പരിശീലനവും ഗ്രീൻ ബ്രിഗ്രഡ് അംഗങ്ങളുടെ വീടുകളിൽ തേനീച്ച വളർത്തൽ സംഘടിപ്പിക്കാനും കണ്ണൂരിൽ ചേർന്ന ശില്പശാല തീരുമാനിച്ചു. കണ്ണൂർ ജില്ലയിലെ കോളേജുകളെ ഹരിത ക്യാമ്പസും ഒപ്പം സീറോ വേസ്റ്റ് ക്യാമ്പസും ആക്കി മാറ്റുകയും അവിടെ പഠിക്കുന്ന വിദ്യാർത്ഥികളെ ഹരിത ബ്രാൻഡ് അംബാസിഡർമാർ ആക്കുകയും ചെയ്യാൻ പ്രത്യേക പരിപാടി തയാറാക്കും .
ലക്ഷ്യത്തിലേക്ക്
സർക്കാർ കാര്യാലയങ്ങൾ, വിദ്യാലയങ്ങൾ, കോളേജുകൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, മാർക്കറ്റുകൾ ആരാധനാലയങ്ങൾ ആശുപത്രികൾ തുടങ്ങിയവയെ ഹരിത സ്ഥാപനങ്ങളായി മാറ്റിയെടുക്കലാണ് പ്രധാന ലക്ഷ്യം, കുടുംബശ്രീ അയൽക്കൂട്ടങ്ങളെ ഹരിത അയൽകൂട്ടങ്ങളായി ഉയർത്തിക്കൊണ്ടുവരൽ, ജില്ലയിലെ എല്ലാ പട്ടണങ്ങളെയും ശുചിത്വവും സുന്ദരവുമായ പട്ടണങ്ങളായി മാറ്റി എടുക്കൽ, എല്ലാ ചടങ്ങുകളും ആഘോഷങ്ങളും സമ്മേളനങ്ങളും ഹരിത പെരുമാറ്റ ചട്ടങ്ങൾ പാലിച്ച് സംഘടിപ്പിക്കൽ, തോടുകൾ, പുഴകൾ, മറ്റ് ജലാശയങ്ങൾ എന്നിവയുടെ ശുചിത്വം ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തൽ, ദ്രവമാലിന്യ സംസ്‌കരണവും ആയതിന്റെ അനുബന്ധ പ്രവർത്തനങ്ങളും ഏർപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളാണ് കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |