കണ്ണൂർ: എസ്എഫ്ഐക്കാരിൽ നിന്ന് ഏൽക്കേണ്ടിവന്നത് അതിക്രൂരമർദ്ദനമെന്ന് കണ്ണൂർ തോട്ടട ഐടിഐയിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിൻ. നീ ചത്തില്ലേടാ എന്ന് ചോദിച്ച് മുപ്പതോളം പേർ ചേർന്ന് മുളവടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചെന്നും അടിച്ചുവീഴ്ത്തി ബോധം പോകുംവരെ തലയിൽ ആഞ്ഞ് ചവിട്ടിയെന്നും മുഹമ്മദ് റിബിൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. നട്ടെല്ലിനുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റിബിൻ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മുപ്പത്തിനാലുവർഷങ്ങൾക്കുശേഷം തോട്ടട ഐടിഐയിൽ കെഎസ്‌യു യൂണിറ്റ് രൂപീകരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. മുഹമ്മദ് റിബിനുപുറമേ കമ്പിൽ സ്വദേശി മുഹമ്മദ് ഫായിസിന് തലയ്ക്കും ചുമലിനും പരിക്കേറ്റിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ല പ്രസിഡന്റ് എംസി അതുൽ,രാകേഷ് ബാലൻ, അർജ്ജുൻ കോറോത്ത് എന്നിവർക്കും പരിക്കേറ്റു.
പൊലീസിന്റെ ലാത്തി ചാർജ്ജിൽ കെഎസ്‌യു പ്രവർത്തകൻ ബിതുൽ ബാലനും പരിക്കേറ്റിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരായ ഷാരോൺ, ആഷിക്, ആദിത്, അജന്യ, നവനീത് എന്നിവരെയും പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആഷിക്കിന് സാരമായ പരിക്കാണുള്ളത്.
ചൊവ്വാഴ്ച കെഎസ്‌യു സ്ഥാപിച്ച കൊടിമരം പിഴുതതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായിരുന്നു. ആ പ്രശ്‌നത്തിൽ കെഎസ്‌യു പ്രവർത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പാളിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ തിരഞ്ഞെടുപ്പ് നാമനിർദേശം നൽകുന്നതുമായി ബന്ധപ്പെട്ട് പുറത്ത് നിന്നുള്ള കെഎസ്‌യു പ്രവർത്തകരുമെത്തി. ഇവരുടെ നേതൃത്വത്തിൽ കൊടിമരം വീണ്ടും സ്ഥാപിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമായത്. കൊടിമരം എസ്എഫ്ഐ പ്രവർത്തകർ മാറ്റിയതോടെ ഏറ്റുമുട്ടുകയായിരുന്നു.
സംഘർഷത്തിൽ 17 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 12 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയും 5 കെഎസ്‌യു പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സഞ്ജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് എന്നിവരും പ്രതികളാണ്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |